ബിഹാറിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. ബിഹാറിൽ നിലവിൽ ആരും സുരക്ഷിതരാണെന്ന് കരുതുന്നില്ലെന്നും, ഇത്തരം സംഭവങ്ങൾ നടക്കുന്ന സർക്കാരിന്റെ ഭാഗമായിരിക്കുന്നതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (രാംവിലാസ്) ബിഹാറിലെ എൻഡിഎ സർക്കാരിന്റെ സഖ്യകക്ഷിയാണ്. സർക്കാരിന്റെ ഭാഗമായതിനാൽ സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് തനിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ചിരാഗ് വ്യക്തമാക്കി.
'ഇന്നത്തെ സാഹചര്യത്തിൽ ആരും സുരക്ഷിതരാണെന്ന് കരുതുന്നില്ല. ഇത് നമ്മുടെ സർക്കാരിന്റെ ആശങ്കയാണ്. സർക്കാരിലെ ഒരു സഖ്യകക്ഷിയെന്ന നിലയിൽ ഈ വിഷയത്തിൽ നിന്ന് എനിക്ക് ഒഴിഞ്ഞുമാറാനാകില്ല. ഇത്തരം സംഭവങ്ങൾ നടക്കുന്ന സർക്കാരിന്റെ ഭാഗമായിരിക്കുന്നതിൽ എനിക്ക് തന്നെ ലജ്ജ തോന്നുന്നു. ഈ വിഷയത്തെ ഒരിക്കലും നിസ്സാരമായി കാണാനാകില്ല': ചിരാഗ് പാസ്വാൻ പറഞ്ഞു.
സംസ്ഥാനത്തെ സംഭവങ്ങളിൽ താൻ രോഷാകുലനാണെന്നും ചിരാഗ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ബിഹാറിന്റെ ദേശീയതലത്തിലുള്ള പ്രതിച്ഛായയെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടെ പെൺമക്കളുടെ മനസ്സിൽ ഭയവും അരക്ഷിതാവസ്ഥയും ഉണ്ടായിട്ടുണ്ടാകാം. വൈകുന്നേരം വീട്ടിൽനിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ആശങ്കപ്പെടാത്ത ഒരു പെൺകുട്ടിയുടെ കാര്യം പറഞ്ഞുതരൂ. ഞാൻ ഭാഗമായിരിക്കുന്ന സർക്കാർ ജനങ്ങൾക്ക് സുരക്ഷിതത്വത്തിന്റെ ബോധം നൽകുന്നില്ലെങ്കിൽ അത് ഞാൻ അംഗീകരിക്കില്ല', അദ്ദേഹം പറഞ്ഞു.
അടുത്തിടെ ബിഹാറിലെ ജമുയി ജില്ലയിൽനിന്നുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോടും പെൺകുട്ടിയോടും ചിലർ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.
ഇതിന് പിന്നാലെ സമസ്തിപൂർ, ബാങ്ക തുടങ്ങിയ ജില്ലകളിൽനിന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദം കൂടുതൽ ശക്തമാക്കിയിരുന്നു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബിഹാറിലെ നിയമവാഴ്ചയും സ്ത്രീസുരക്ഷയും സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളും സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഭരണസഖ്യത്തിലെ തന്ന നേതാവായ ചിരാഗ് പാസ്വാനും സർക്കാരിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതോടെ വിഷയം കൂടുതൽ ശ്രദ്ധ നേടുകയാണ്.