Image Credit : Twitter
എഥനോൾ കലർത്തിയ പെട്രോളിനെ എതിർക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി. മധ്യപ്രദേശിലെ രേവ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയായ ജനാർദൻ മിശ്രയാണ് വിമർശകര്‍ക്കെതിരെ മോശം പദപ്രയോഗം നടത്തിയത്. ഇ20 പെട്രോളിനെ എതിര്‍ക്കുന്നവരോട് ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്‍റെ വീട്ടിൽ നിന്ന് വരുമോ എന്നാണ് ജനാർദന്‍ മിശ്ര ചോദിച്ചത്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന ഇ20 നയത്തിനെതിരെ രാജ്യത്ത് വ്യാപക ചര്‍ച്ചകളും പ്രതിഷേധങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ജനാർദൻ മിശ്രയുടെ വിവാദപരാമര്‍ശം.
ജനാർദൻ മിശ്രയുടെ വാക്കുകള്‍ ഇങ്ങനെ...'ഇന്ത്യ നമ്മുടെ ആവശ്യത്തിനുള്ള എണ്ണയുടെ 20 ശതമാനം മാത്രമാണ് രാജ്യത്തിനകത്ത് ഉത്പാദിപ്പിക്കുന്നത്, അതേസമയം ബാക്കിയുളള 80 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഇറാനും ഒമാനും ഇടയിലുള്ള ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതിനാൽ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം രാജ്യത്തെ എണ്ണ ലഭ്യതയെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അതിന് പുറമേ, നിലവിൽ സംഘർഷം നടക്കുന്നുണ്ട്, ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുന്നു, ഹൂതികളും അത് തടഞ്ഞിരിക്കുന്നു, അതിനാൽ 18,000 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇപ്പോൾ എണ്ണ എത്തിക്കുന്നത്. പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുമ്പോൾ ആളുകൾ പ്രതിഷേധിക്കുന്നു. ശുദ്ധമായ പെട്രോളേ ഉപയോഗിക്കാവൂ എന്നാണ് അവർ പറയുന്നത്. ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്‍റെ വീട്ടിൽ നിന്ന് വരുമോ? രാജ്യത്ത് ശുദ്ധമായ പെട്രോൾ ഇല്ലെങ്കിൽ പിന്നെ അത് എവിടെ നിന്നു വരും?' ജനാർദൻ മിശ്ര പറഞ്ഞു.
ബ്രസീലിൽ വാഹനങ്ങൾ 100 ശതമാനം എഥനോളിലാണ് ഓടുന്നതെന്നും അവിടെ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ലെന്നും ജനാർദൻ മിശ്ര അവകാശപ്പെട്ടു. വാഹന നിർമാതാക്കള്‍ സ്ഥിരീകരിച്ചിട്ടുള്ളതുപോലെ, ഇന്ത്യയിലെ വാഹനങ്ങൾക്കും ഇ20 പെട്രോളില്‍ സുഗമമായി ഓടാന്‍ കഴിയുമെന്നും ജനാർദൻ മിശ്ര കൂട്ടിച്ചേര്‍ത്തു. എഥനോളിൽ വാഹനങ്ങൾ ഓടിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ഇന്ത്യൻ വാഹനങ്ങൾ എഥനോളിൽ ഓടുമെന്നും പറഞ്ഞുകൊണ്ടാണ് ബിജെപി എംപി പ്രസംഗം അവസാനിപ്പിച്ചത്.