Image Credit : Instagram
സിനിമാ ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ മൂക്കുത്തി വിഴുങ്ങി പഞ്ചാബി നടി. ഷെഹ്നാസ് ഗില്ല് എന്ന പഞ്ചാബി താരത്തിനാണ് ഇഷ്ഖ്നാമ എന്ന പ്രണയചിത്രത്തിന്‍റെ സെറ്റില്‍ വച്ച് അപകടം സംഭവിച്ചത്. താരം തന്നെയാണ് തനിക്ക് സംഭവിച്ച ഭയപ്പെടുത്തുന്ന അപകടത്തിന്‍റെ വിഡിയോ സൈബറിടത്ത് പങ്കുവച്ചത്. വിഡിയോ ശ്രദ്ധ നേടിയതോടെ നിരവധി ആരാധകരാണ് താരത്തിന്‍റെ ആരോഗ്യാവസ്ഥയില്‍ ആശങ്കയറിയിച്ച് രംഗത്തെത്തിയത്.
ഷൂട്ടിങ് സെറ്റിലൂടെ ഓടുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ഷെഹ്നാസിന്‍റെ വായിലേക്ക് പെട്ടെന്ന് മൂക്കുത്തി അഴിഞ്ഞുവീണത്. പെട്ടെന്ന് താനത് വിഴുങ്ങിയെന്ന് മനസിലാക്കിയ താരം ചുമയ്ക്കാനും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായും അറിയിച്ചു. കൂടെയുണ്ടായിരുന്ന സഹനടൻ സൗരഭ് സച്ച്ദേവ ഉടന്‍ തന്നെ ഷെഹ്നാസിന്‍റെ പുറത്ത് തട്ടിക്കൊടുക്കുകയും സഹായിക്കുകയും ചെയ്യുന്നത് കാണാം. സംഭവം പുറത്തറിഞ്ഞതോടെ എന്താണ് സംഭവിച്ചതെന്ന് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നെന്നും അവര്‍ക്കുളള മറുപടിയായാണ് വിഡിയോ പങ്കുവച്ചതെന്നും ഷഹ്നാസ് പറയുന്നു.
മൂക്കുത്തി അപകടത്തിന്‍റെ ബിഹൈൻഡ് ദി സീൻ എന്ന് കുറിച്ചുകൊണ്ടാണ് ഷഹ്നാസ് സോഷ്യല്‍മീഡിയയില്‍ വിഡിയോ പങ്കുവച്ചത്. വിഡിയോ കണ്ട ആരാധകരെല്ലാം തന്നെ താരത്തിന്‍റെ ആരോഗ്യാവസ്ഥയില്‍ ആശങ്കയറിയിച്ച് രംഗത്തെത്തി. അഭിനയത്തോടുളള താരത്തിന്‍റെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നുവെന്നും സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്നും ആരാധകർ കുറിച്ചു. അരവിന്ദ് ഖൈര സംവിധാനം ചെയ്യുന്ന റൊമാന്റിക് പീരിയഡ് ഡ്രാമ ചിത്രമാണ് ഇഷ്ഖ്നാമ. സെപ്റ്റംബർ 11ന് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യും.