‘രാവിലെ എണീക്കുമ്പോൾ തന്നെ കാണുന്നത് ഈയൊരു അന്തരീക്ഷമാണ്. ആ ദിവസം തന്നെ പോകും!’—നടൻ ബിനീഷ് ബാസ്റ്റിൻ തന്റെ വീടിന് മുന്നിലെ തോടിന്റെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ആ വാക്കുകൾ വൈറലായിരുന്നു. കൊച്ചി മുണ്ടംവേലിയിലെ റോയൽ ലൈൻ റോഡിൽ, ദുർഗന്ധവും പുഴുക്കളും നിറഞ്ഞ തോട്ടിൽ അബദ്ധത്തിൽ വീണ സ്വന്തം അമ്മയുടെ അനുഭവം ഉൾപ്പെടെയാണ് താരം ആ വിഡിയോയില്‍ തുറന്നുകാട്ടിയത്. ഇവിടെ താമസിക്കാന്‍ പോലും പറ്റുന്നില്ലെന്നും മുന്‍പും വിഡിയോ ചെയ്തിരുന്നെന്നും നടപടി ഉണ്ടായില്ലെന്നും ബിനീഷ് വിഡിയോയില്‍ പറയുന്നുണ്ട്. ഒപ്പം ബിനീഷിന്‍റെ ഭാര്യയും തങ്ങളുടെ ദുരനുഭവം പങ്കുവച്ചു.

ഒടുവിൽ മേയറുടെ ആ ഫോൺകോൾ!

ബിനീഷ് ബാസ്റ്റിന്റെ വിഡിയോ വൈറലായതോടെ കൊച്ചി കോർപറേഷൻ മേയർ നേരിട്ട് രംഗത്തെത്തി. ബിനീഷിനെ ഫോണിൽ ബന്ധപ്പെട്ട മേയർ, താമസ സ്ഥലവും തോടിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുമെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും മേയർ ഉറപ്പുനൽകുകയും ചെയ്തു. പിന്നാലെ, വാഗ്ദാനങ്ങൾ വെറുതെയാകില്ലെന്ന് തെളിയിച്ചുകൊണ്ട് വൈകാതെ തന്നെ നഗരസഭ ഉദ്യോഗസ്ഥർ മുണ്ടംവേലിയിലെ 69-ആം ഡിവിഷനിലെത്തി. പിന്നെ ഒട്ടും സമയം കളഞ്ഞില്ല; പായലും മാലിന്യവും നിറഞ്ഞു കിടന്ന ആ തോട് അധികാരികൾ പൂർണമായി വൃത്തിയാക്കി.

മുഖം മാറിയ മുണ്ടംവേലി; സന്തോഷം പങ്കുവച്ച് ബിനീഷ്

മാസങ്ങളായി അനുഭവിച്ച ദുരിതത്തിന് പെട്ടെന്ന് തന്നെ പരിഹാരമായതിന്റെ ആശ്വാസത്തിലാണ് ബിനീഷ് ബാസ്റ്റിനും കുടുംബവും നാട്ടുകാരും. തോട് ക്ലീൻ ചെയ്ത സന്തോഷം താരം മനോരമ ന്യൂസിലൂടെയാണ് പുറംലോകവുമായി പങ്കുവച്ചത്. മുൻപ് കൊതുകു കടിയും ദുർഗന്ധവുമായി കിടന്നുറങ്ങാൻ പോലും കഴിയാതെ വിഷമിച്ചിരുന്നു നാട്ടുകാർ. ഒടുവില്‍ ‘അധികാരികളുടെ കണ്ണുതുറക്കാൻ എല്ലാവരും ഈ വിഡിയോ മാക്സിമം ഷെയർ ചെയ്യണം’ എന്ന ബിനീഷ് ബാസ്റ്റിന്റെ അഭ്യർഥനയാണ് ലക്ഷ്യം കണ്ടത്.

ENGLISH SUMMARY:

Actor Bineesh Bastin recently highlighted the miserable condition of a insect-infested, stinking drain in front of his house in Kochi's Mundamveli through a viral social media video. Following the widespread attention generated by the video, Kochi Corporation Mayor personally contacted the actor and assured immediate intervention. Demonstrating prompt official action, corporation workers subsequently inspected the 69th division and completely cleared the clogged, waste-filled drain, bringing immense relief to the entire neighborhood.