ടിടിഇ യാത്രക്കാരനെ അപമാനിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയില്‍ നിന്ന് (Screengrab from X)

  • നവംബര്‍ ആറിന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരിട്ടെടുത്ത സ്ലീപ്പര്‍ ടിക്കറ്റുകളുമായാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. മൂന്നും ആര്‍എസിയിലായിരുന്നു. S-2 കോച്ചിലെ 39,47 സീറ്റുകളാണ് ഇവര്‍ക്ക് അനുവദിച്ച് കിട്ടിയത്

ട്രെയിന്‍യാത്രയ്ക്കിടെ യാത്രക്കാരനെ അപമാനിച്ച സംഭവത്തില്‍ ടിടിഇയ്ക്ക് സസ്പെന്‍ഷന്‍. ഝാന്‍സിയിലെ വീരാംഗന ലക്ഷ്മിബായ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ടിടിഇ അസഭ്യം പറഞ്ഞ് അപമാനിക്കുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് റെയില്‍വേ നടപടി. യാത്രക്കാരനെ കണ്‍മുന്നില്‍ കണ്ടുപോകരുതെന്നും അക്ഷരാഭ്യാസമില്ലാത്ത വിവരംകെട്ടവന്‍ എന്നാക്ഷേപിച്ചതിനും പിന്നാലെ ടിടിഇ ഭീഷണിപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം. നവംബര്‍ എട്ടിന് കെഎസ്ആര്‍ ബെംഗളൂരു– ന്യൂഡല്‍ഹി കര്‍ണാടക എക്സ്പ്രസ് ഝാന്‍സി സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. 

ലക്നൗ സ്വദേശിയായ ശ്രാവണ്‍ കുമാര്‍ രണ്ട് പേര്‍ക്കൊപ്പം ആന്ധ്രയിലെ പെനുകോണ്ടയില്‍ നിന്നും ട്രെയിനില്‍ കയറി. നവംബര്‍ ആറിന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരിട്ടെടുത്ത സ്ലീപ്പര്‍ ടിക്കറ്റുകളുമായാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. മൂന്നും ആര്‍എസിയിലായിരുന്നു. S-2 കോച്ചിലെ 39,47 സീറ്റുകളാണ് ഇവര്‍ക്ക് അനുവദിച്ച് കിട്ടിയത്. ട്രെയിന്‍ ഝാന്‍സിയിലെത്തിയതും ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് ബാഗിനുള്ളിലാണെന്നും എടുക്കാന്‍ കുറച്ച് സമയം വേണമെന്നും ശ്രാവണ്‍ ടിടിഇയെ അറിയിച്ചു. ഇതോടെ ടിടിഇ ദേഷ്യപ്പെടുകയായിരുന്നു. വലിയ വാഗ്വാദവുമായി. തനിക്ക് നിയമാനുസൃതമായ ടിക്കറ്റുണ്ടെന്നും ബാഗിനുള്ളില്‍ നിന്ന് അതെടുക്കാനുള്ള സമയം മാത്രമാണ് വേണ്ടതെന്നും ശ്രാവണ്‍ പറഞ്ഞു. ഇതിന് അനുവദിക്കാതെ ടിടിഇ ശകാരം തുടര്‍ന്നു. 

ഇതിനിടെ ബാഗില്‍ നിന്നും ശ്രാവണ്‍ ടിക്കറ്റെടുത്ത് നല്‍കി. എന്നിട്ടും ടിടിഇ വഴങ്ങിയില്ല. ലക്നൗ വരെയാണ് ശ്രാവണിന് സഞ്ചരിക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് അനുവദിക്കാതെ ഝാന്‍സിയില്‍ ഇറക്കി വിട്ടു. ഝാന്‍സി മുതല്‍ ലക്നൗ വരെ താന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നുവെന്ന് പറഞ്ഞിട്ടും ടിടിഇ സമ്മതിച്ചില്ല. തനിക്കെന്താണ് കഴിയുന്നതെന്ന് കാണിച്ച് തരാമെന്നും അവര്‍ ശ്രാവണിനെ ഭീഷണിപ്പെടുത്തി.

വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ശ്രാവണ്‍ റെയില്‍വേ അധികൃതരെ ടാഗ് ചെയ്ത് നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിഡിയോ വൈറലായതോട റെയില്‍വേ അന്വേഷണം പ്രഖ്യാപിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ടിടിഇയെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യുന്നുവെന്നും വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നും റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്കെതിരായ ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. 

ENGLISH SUMMARY:

A Travelling Ticket Examiner (TTE) has been suspended by Indian Railways after allegedly abusing and humiliating a passenger at Veerangana Lakshmibai railway station in Jhansi. A video showing the TTE calling the passenger names, threatening him and ordering him to move out of sight went viral on social media, prompting railway authorities to launch an investigation. The incident occurred on November 8 aboard the KSR Bengaluru–New Delhi Karnataka Express when passenger Shravan Kumar asked for time to retrieve his RAC ticket from his bag. Despite producing a valid ticket and explaining that he had an onward booking to Lucknow, he was allegedly forced to get off at Jhansi, following which Railways suspended the TTE and ordered an departmental inquiry.