ImageCredit/Instagram/Sherya Ghoshal
തഡോബ അന്ധാരി ടൈഗര്‍ റിസര്‍വ് യാത്രക്കിടെ ബംഗാള്‍കടുവയെ തൊട്ടടുത്തുകണ്ട ആവേശത്തിലാണ് ഗായിക ശ്രേയ ഘോഷാല്‍. ആദ്യമായാണ് തനിക്കീ ഭാഗ്യം ലഭിച്ചതെന്ന് വ്യക്തമാക്കി കടുവയുടെ വിഡിയോയും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. തീര്‍ത്തും മാന്ത്രികത നിറഞ്ഞൊരു അനുഭവമായിരുന്നുവെന്നാണ് ശ്രേയ പറയുന്നത്.
Also Read: ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇനി കടൽവഴി ദിവസേന യാത്ര! 250 പേർക്ക് സഞ്ചരിക്കാവുന്ന ‘തേജ’
‘ദേശീയ മൃഗത്തെ, പൂര്‍ണ പ്രൗഢിയോടെ വനത്തിനുള്ളില്‍വച്ച് നേരിട്ട് കാണാന്‍ ഭാഗ്യമുണ്ടായി, മാന്ത്രിക അനുഭവം തന്നെ, ഗൈഡ് സന്ദീപാണ് പുല്ലുകള്‍ക്കിടെയില്‍ ഒളിച്ചിരിക്കുകയായിരുന്ന ആ കടുവയെ കണ്ടെത്തിയതെന്നും അവന്‍ പുറത്തേക്ക് വരുന്നതുവരെ കാത്തിരുന്നുവെന്നും ശ്രേയ പറയുന്നു. അവന്‍റെ നോട്ടം കണ്ടപ്പോള്‍ ശരീരത്തിനൊരു വിറയല്‍ അനുഭവപ്പെട്ടു, അനുഭവസമ്പത്തുള്ള ഡ്രൈവര്‍ ഫാറൂഖ് ബുദ്ധിപരമായി വാഹനം നീക്കി സാഹചര്യം കൈകാര്യം ചെയ്തു, ഈ അസുലഭ നിമിഷം ക്യാമറയില്‍ പകര്‍ത്തിയ ശിലാദിത്യ മുഖോപാധ്യായയ്ക്ക് നന്ദി– ശ്രേയ കുറിക്കുന്നു.
അതേസമയം തന്നെ ഒരു പെണ്‍കടുവയേയും മൂന്ന് കുഞ്ഞുങ്ങളേയും കാണാന്‍ സാധിച്ചു, അമ്മയെന്ന നിലയില്‍ ആ പെണ്‍കടുവയുടെ മനസറിയാന്‍ സാധിച്ചു, ഉറങ്ങാന്‍ ആഗ്രഹമുണ്ടായിട്ടും കുഞ്ഞുങ്ങള്‍ക്കവള്‍ ജാഗ്രതയോടെ കാവല്‍ നിന്നു, പാര്‍ക്കിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല, പ്രകൃതിയെ അടുത്തറിയാനും മനോഹാരിത ആസ്വദിക്കാനും ആ തീരുമാനം ആവശ്യമാണ്, എല്ലാ ആശങ്കകളും ഉത്കണ്ഠകളും അകലുന്ന പോലെ തോന്നി, തഡോബ വാസികള്‍ക്ക് പക്ഷികളേയും പ്രാണികളേയും മരങ്ങള്‍,ചെടികള്‍, പുല്ലുകള്‍ അങ്ങനെ സകലകാര്യങ്ങളെക്കുറിച്ചുമുള്ള അറിവ് തന്നെ അദ്ഭുതപ്പെടുത്തി. തഡോബ അന്ധാരി ടൈഗര്‍ റിസര്‍വിലേക്കുള്ള യാത്ര ജീവിതത്തില്‍ മറക്കാനാവില്ല’– ശ്രേയ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ശ്രേയ പങ്കുവച്ച വിഡിയോക്ക് താഴെ നിരവധി രസകരമായ കമന്റുകളും നിറയുന്നുണ്ട്. താരത്തിന്റെ മെലോഡിയസ് വോയ്സ് കേള്‍ക്കാന്‍ കാട്ടിലെ രാജാവിനും ആഗ്രഹമുണ്ട്, ഇന്ത്യന്‍ പെണ്‍കടുവയെ കാണാനായി എത്തിയതെന്ന് അവന്‍റെ കണ്ണുകള്‍ പറയുന്നു, മെലഡികളുടെ റാണി കാട്ടിലെ രാജാവിനെ കണ്ടു, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.