beypore-lakshadweep-daily-passenger-ship-service-teja

TOPICS COVERED

കേരളത്തിന്റെ സമുദ്രഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം തുറക്കാൻ ബേപ്പൂർ ഒരുങ്ങുന്നു. ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് ദിവസേന യാത്രാസർവീസ് നടത്തുന്നതിനായി 250 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള സ്വകാര്യ യാത്രാക്കപ്പൽ ‘തേജ’ (TEJA) ബേപ്പൂർ തുറമുഖത്ത് എത്തി. ആവശ്യമായ ഔദ്യോഗിക നടപടികളും അനുമതികളും പൂർത്തിയാകുന്നതോടെ ഈ മാസം തന്നെ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി വി.ഡി. സതീശൻമുന്നോട്ടുവെച്ച ‘മിഷൻ സമുദ്ര’ എന്ന വികസന കാഴ്ചപ്പാടിന് പ്രചോദനമായാണ് ഈ സ്വകാര്യ സംരംഭം യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്. കേരളത്തിന്റെ വിശാലമായ തീരദേശവും തുറമുഖങ്ങളും സമുദ്രഗതാഗത സാധ്യതകളും പ്രയോജനപ്പെടുത്തി പുതിയ സാമ്പത്തിക-വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന് ഈ പദ്ധതി പുതിയ ഊർജം പകരുമെന്നാണ് പ്രതീക്ഷ.

ഷുഭം എന്റർപ്രൈസസിന്റെ ഉടമയും സി.ഇ.ഒയുമായ ഡോ. സുന്ദരരാജ് പൊന്നുസാമിയും, നാഷണൽ ട്രേഡേഴ്സ് വെൽഫെയർ ബോർഡ് അംഗം സിറാജുദ്ദീൻ ഇല്ലത്തോടിയും ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നുമായി കൂടിക്കാഴ്ച നടത്തി. പദ്ധതിയുടെ പുരോഗതിയും ബേപ്പൂർ–ലക്ഷദ്വീപ് യാത്രാസർവീസിന്റെ പ്രാധാന്യവും കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ മാർഗനിർദേശങ്ങളും പ്രോത്സാഹനവും ഉൾക്കൊണ്ടാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

യാത്ര മാത്രമല്ല, വികസനത്തിന്റെ പുതിയ കവാടം

ബേപ്പൂർ–ലക്ഷദ്വീപ് സർവീസ് കേവലം ഒരു യാത്രാസംവിധാനം മാത്രമല്ല. ലക്ഷദ്വീപിലെ ജനങ്ങൾക്ക് കേരളത്തിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനൊപ്പം ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം തുടങ്ങിയ മേഖലകളിലും പുതിയ സാധ്യതകൾ തുറക്കുന്നതാണ് പദ്ധതി.

ചരിത്രപ്രസിദ്ധമായ ബേപ്പൂർ തുറമുഖത്തിന് യാത്രാ-വിനോദസഞ്ചാര മേഖലയിൽ പുതിയ മുഖം നൽകാനും ഈ സർവീസിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിനും ലക്ഷദ്വീപിനുമിടയിൽ കൂടുതൽ ശക്തമായ സാമ്പത്തിക-സാമൂഹിക ബന്ധം വളർത്തുന്നതിനും ഈ സംരംഭം സഹായകമാകും.

‘മിഷൻ സമുദ്ര’യിൽ നിന്ന് യാഥാർഥ്യത്തിലേക്ക്

കേരളത്തിന്റെ ഏകദേശം 600 കിലോമീറ്റർ നീളമുള്ള തീരദേശത്തെയും തുറമുഖങ്ങളെയും നദികളെയും ഉൾനാടൻ ജലപാതകളെയും വികസനത്തിന്റെ പുതിയ സാധ്യതകളാക്കി മാറ്റുക എന്നതാണ് ‘മിഷൻ സമുദ്ര’യുടെ വിശാലമായ കാഴ്ചപ്പാട്. സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ യാത്രാക്കപ്പൽ സർവീസുകളും സമുദ്ര വിനോദസഞ്ചാരവും വികസിപ്പിക്കുന്നതിനുള്ള ഒരു പ്രായോഗിക ചുവടുവെപ്പായാണ് ‘തേജ’ പദ്ധതിയെ കാണുന്നത്.

ബേപ്പൂരിൽ എത്തിയ ‘തേജ’യുടെ യാത്രയ്ക്ക് ഇനി ഔദ്യോഗിക നടപടികൾ പൂർത്തിയാകാനുള്ള കാത്തിരിപ്പ് മാത്രം. എല്ലാം സമയബന്ധിതമായി പൂർത്തിയായാൽ ഈ മാസം തന്നെ ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് കടൽയാത്രയുടെ പുതിയൊരു അധ്യായം ആരംഭിക്കും.

ENGLISH SUMMARY:

A new chapter in Kerala's maritime transport history is set to begin as the private passenger ship 'Teja', capable of carrying 250 passengers, arrived at the Beypore port to operate daily services to Lakshadweep. Inspired by the 'Mission Samudra' development vision proposed by Chief Minister V.D. Satheesan, the project aims to unlock new economic and commercial opportunities by leveraging Kerala's coastal infrastructure.