യുഎഇയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ഫുജൈറ അതിർത്തിക്ക് സമീപമുണ്ടായ വൻ വാഹനാപകടത്തിൽ പതിനാല് പേർ മരിക്കുകയും മുപ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനങ്ങൾ സാവധാനത്തിൽ നീങ്ങുന്നതിനിടെ അർധരാത്രിയോടെ നിയന്ത്രണം വിട്ടെത്തിയ ട്രക്ക് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

വാഹനം മറിഞ്ഞ് സമീപത്തുണ്ടായിരുന്ന അഞ്ച് ട്രക്കുകളിലും പതിനെട്ട് കാറുകളിലുമായി കൂട്ടിയിടിച്ചാണ് വൻ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രക്കിന് തീപിടിക്കുകയും മറ്റ് വാഹനങ്ങളിലേക്ക് അതിവേഗം തീപടരുകയും ചെയ്തതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. പരുക്കേറ്റ മുപ്പത് പേരിൽ പതിനഞ്ച് പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെങ്കിലും ശേഷിക്കുന്ന പതിനഞ്ച് പേർ ഇപ്പോഴും തീവ്രപരിചരണത്തിൽ തുടരുകയാണ്. 

ഇന്ത്യ, യുഎഇ, ഒമാൻ, ബ്രസീൽ, പാക്കിസ്ഥാൻ, ജോർദാൻ,ഈജിപ്ത് പൗരന്മാരാണ് പരുക്കേറ്റവരിലുള്ളത്. മരിച്ചവരിൽ യുഎഇ പൗരന്മാരുണ്ടെന്നും തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടന്നുവരികയാണെന്നും ഫുജൈറ പൊലീസ് വ്യക്തമാക്കി.ഫുജൈറയിൽ വാഹനാപകടത്തിൽ 14 മരണം; 30 പേർക്ക് പരുക്ക്; വന്‍ദുരന്തം

ENGLISH SUMMARY:

Fujairah accident resulted in 14 deaths and 30 injuries after a runaway truck crashed into multiple vehicles on Sheikh Khalifa bin Zayed Road. The midnight collision caused massive fires involving several trucks and cars, prompting urgent DNA testing and medical responses from authorities.