Image: Manorama

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടിവികെ അധ്യക്ഷന്‍ വിജ‌യ്ക്ക് ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് ബിജെപി. ബിജെപി–ടിവികെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കവേയാണ് ഇത്തരം സൂചനകള്‍ ഡല്‍ഹിയില്‍ നിന്നും പുറത്തുവരുന്നത്.

വിജയ്‌യെ എന്‍ഡിഎ സഖ്യത്തിലെത്തിക്കാനായി കെണിഞ്ഞു പരിശ്രമിക്കുകയാണ് നേതൃത്വം. ടിവികെ ബിജെപിയുമായി സഖ്യത്തിനു തയാറാണെങ്കില്‍ 80സീറ്റുകള്‍ വരെ നല്‍കാമെന്നും സഖ്യം വിജയിച്ചുകഴിഞ്ഞാല്‍  ഉപമുഖ്യമന്ത്രിപദം നല്‍കാമെന്നുമാണ് ബിജെപി വാഗ്ദാനം. എന്നാല്‍ ഉപമുഖ്യമന്ത്രിപദമല്ല മറിച്ച് മുഖ്യമന്ത്രിപദമാണ് വിജയ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ചര്‍ച്ചകളില്‍ വെല്ലുവിളിയായി നില്‍ക്കുന്നത് വിജയ്‍യുടെ ഈ നിലപാടാണെന്നും റിപ്പോര്‍ട്ടുണ്ട്. 

വിജയ്‌യുമായി മാസങ്ങളായി പല തരത്തിലുള്ള ചര്‍ച്ചകളാണ് ബിജെപി നടത്തിവരുന്നത്. പാര്‍ട്ടിയുടെ നീക്കം വിജയിച്ചാല്‍ തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ നീക്കങ്ങളെല്ലാം മാറിമറിഞ്ഞേക്കാം. ചെറിയ വോട്ടുവ്യത്യാസങ്ങള്‍ പോലും വലിയ തോതിലുള്ള ജയപരാജയങ്ങള്‍ക്ക് സാധ്യതയുള്ള തമിഴ്നാട്ടില്‍ ഇന്നേവരെ കാണാത്ത പോരാട്ടമായിരിക്കും അങ്ങനെയെങ്കില്‍ നടക്കുക. 

കരൂര്‍ റാലിക്കിടെയുണ്ടായ ദുരന്തത്തോടെ ചെറിയൊരു ക്ഷീണം സംഭവിച്ചെങ്കിലും ടിവികെയ്ക്ക് ഈ തിരഞ്ഞെടുപ്പില്‍ വലിയ മാറ്റമുണ്ടാക്കാനാകുമെന്നാണ് ബിജെപി നേതൃത്വം ചിന്തിക്കുന്നത്. പാര്‍ട്ടി നടത്തിയ സര്‍വേയില്‍ ഈ തിരഞ്ഞെടുപ്പില്‍ ടിവികെ രണ്ടാംസ്ഥാനത്തെത്തുമെന്നൊരു സൂചനയാണ് അമിത് ഷായ്ക്കും കൂട്ടര്‍ക്കും ലഭിച്ചത്. നടന്റെ ജനപ്രീതിയും ആരാധകസ്വാധീനവും വോട്ടാക്കി മാറ്റാനാവുമെന്ന കടുത്ത വിശ്വാസത്തിലാണ് പാര്‍ട്ടി.  നിലവിലെ സാഹചര്യത്തില്‍ താരത്തിന്റെ ചെറിയൊരു ശതമാനം ആരാധകവോട്ട് പോലും വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് ബിജെപി വിലയിരുത്തല്‍.  

എന്നാല്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ നേതൃത്വത്തിന്റെ ഭാഗമാകുന്നതില്‍ ടിവികെയില്‍ തന്നെ രണ്ടഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനു പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. തമിഴ്നാട് രാഷ്ട്രീയത്തില്‍ ബദല്‍ പാര്‍ട്ടിയായി സ്വതന്ത്ര പ്രതിഛായയോടെ വന്ന ടിവികെ സഖ്യം രൂപീകരിച്ചു കഴിഞ്ഞാല്‍ നിലവിലെ പ്രതിഛായ നഷ്ടപ്പെട്ടേക്കുമെന്നാണ് ഒരു വിലയിരുത്തല്‍. അത് പാര്‍ട്ടിയുടേയും താരത്തിന്റേയും ഇമേജ് ഇടിക്കുമെന്നാണ് ഉപദേശകരുടെ വാദം. 

മാത്രമല്ല ശൈശവഘട്ടത്തിലുളള പാര്‍ട്ടിക്ക് മറ്റൊരു പാര്‍ട്ടിയുടെ പിന്‍ബലം വന്നാല്‍ നിലവിലുള്ള വിശ്വാസ്യതയും നഷ്ടമായേക്കുമെന്നാണ് മറ്റൊരു വിലയിരുത്തല്‍. അതേസമയം വിജയ്‌യുടെ ഉപദേശകനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ബുസി ആനന്ദും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ ജോണ്‍ ആരോകിയസാമിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പാര്‍ട്ടിയെ വെട്ടിലാക്കുന്നുണ്ട്. എന്‍ഡിഎ സഖ്യത്തില്‍ ചേരണമെന്ന് ബുസി ആനന്ദ് വാശിപിടിക്കുമ്പോള്‍ ഈ നീക്കത്തെ തിരഞ്ഞെടുപ്പ് മണ്ടത്തരമായാണ് ആരോകിയസാമി കാണുന്നത്. 

BJP Offers Deputy CM Post to Vijay Ahead of Tamil Nadu Elections:

BJP is offering the Deputy Chief Minister post to Thalapathy Vijay as the Tamil Nadu elections approach. The party is attempting to bring Vijay into the NDA alliance, offering significant electoral advantages and a ministerial position.