വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ തമിഴക വെട്രി കഴകം സഖ്യമായി മത്സരിക്കണമെന്ന് ജില്ലാ സെക്രട്ടറിമാര്‍. കഴിഞ്ഞ ദിവസം നിയോജകമണ്ഡലം കോർഡിനേറ്റർമാരെ നിയമിക്കുന്നതിനായി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് വിളിച്ചുചേർത്ത യോഗത്തിലാണ് ജില്ലാ സെക്രട്ടറിമാര്‍ നിലപാട് വ്യക്തമാക്കിയത്. 130 ജില്ലാ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.
തിരഞ്ഞെടുപ്പ് ചെലവായ അഞ്ചു കോടി രൂപ വഹിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥികളെ പല മണ്ഡലങ്ങളിലേക്കും കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും സഖ്യമാണ് നല്ലതെന്നുമാണ് യോഗത്തില്‍ പങ്കെടുത്ത നാലില്‍ മൂന്നുപേരും അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണം പൊലിപ്പിക്കാന്‍ ഒരു സ്ഥാനാര്‍ഥിക്ക് അഞ്ചു കോടി രൂപയാണ് ടിവികെ പ്രതീക്ഷിക്കുന്നത്.
മത്സരിക്കാന്‍ ഒരുപാട് പേര്‍ തയ്യാറാണെങ്കിലും ഈ തുക കണ്ടെത്താന്‍ സാധിക്കുന്നവര്‍ കുറവാണെന്നതാണ് ടിവികെയുടെ പ്രതിസന്ധി. സഖ്യവുമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പാർട്ടിയുടെ വിജയസാധ്യത കൂടുതലായിരിക്കുമെന്ന് വെർച്വൽ യോഗത്തിൽ ജില്ലാ സെക്രട്ടറിമാർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ടിവികെ എന്‍ഡിഎ സഖ്യത്തിലേക്ക് എത്തുമെന്ന പ്രചാരണമുണ്ടായത്.
എൻഡിഎയുമായുള്ള സഖ്യ ചർച്ചകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അസത്യമാണെന്ന് ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി സിടിആർ നിർമ്മൽ കുമാർ പറഞ്ഞു. ജില്ലാ സെക്രട്ടറിമാരുമായി നടന്ന യോഗം സഖ്യ സാധ്യത വിലയിരുത്താനായിരുന്നു. എൻഡിഎയുമായി സഖ്യത്തിന് സാധ്യതയില്ലെന്നും ബിജെപി പ്രത്യയശാസ്ത്ര ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു. വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.