​മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ ഡി.എം.കെയുടെ കേന്ദ്രവിരുദ്ധ നിലപാട് മയപ്പെടുന്നത്  ആശങ്കയോടെയാണ് ഇന്ത്യ സഖ്യം നോക്കിക്കാണുന്നത്.  ബില്ലിനെ പാടേ എതിര്‍ത്തിരുന്ന ഡി.എം.കെ ക്യാംപ്  ഇപ്പോള്‍  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ബാധിക്കില്ലെങ്കില്‍ സഹകരിക്കാം എന്ന നിലപാടിലേക്ക് മാറിയിരിക്കുന്നു.  കനിമൊഴി, ടി.കെ.എസ് ഇളങ്കോവന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം  അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിക്കഴിഞ്ഞു.

നിലപാട് മാറ്റത്തിന് പിന്നില്‍

ഭരണത്തിലുണ്ടായിരുന്ന അഞ്ചാണ്ടുകാലം തമിഴ്‌നാടിനെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും കേന്ദ്രത്തെ ശക്തമായി എതിര്‍ത്തിരുന്ന പാര്‍ട്ടിയായിരുന്നു ഡിഎംകെ. മണ്ഡല പുനര്‍നിര്‍ണയ ബില്‍ കത്തിച്ച് മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിന്‍ നടത്തിയ യുദ്ധപ്രഖ്യാപനം  തമിഴ്നാട്ടിലാകെ ബി.ജെ.പി വിരുദ്ധ വികാരം ഇളക്കിവിട്ടു. കേന്ദ്രത്തിന് പ്രിയപ്പെട്ട  മുന്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവിയുമായി നിരന്തരം കലഹിച്ച സ്റ്റാലിന്‍ ഫെഡറലിസത്തിന്റെ അന്തകരെന്നാണ്  മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. വര്‍ഗീയതയ്ക്കെതിരെയും ത്രിഭാഷാ  നയങ്ങള്‍ക്കെതിരെയും ദിവസേന എക്സ് പോസ്റ്റുകളിട്ട് പ്രധാനമന്ത്രിയെയും ബിജെപിയെയും സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അധികാരം കൈവിട്ട് മാസം മൂന്നുകഴിഞ്ഞപ്പോള്‍ നിലപാടുകളില്‍ യൂടേണെടുക്കുകയാണ് ഡിഎംകെ.

ജനപ്രിയ – ജനകീയ ഭരണപരിവേഷവും  സാധാരണക്കാരനെ ചേര്‍ത്തുപിടിക്കുന്ന നയങ്ങളും സര്‍വോപരി യുവതലമുറയെ സ്വാധീനിക്കാന്‍ ശേഷിയുള്ള പി.ആര്‍ – സോഷ്യല്‍മീഡിയ ടൂളുകളുമെല്ലാം  എടുത്ത് പ്രയോഗിച്ചിട്ടും  അധികാരത്തില്‍ നിന്ന് പുറത്തുപോകേണ്ടിവന്നത്  ഡി.എം.കെ എന്ന പാരമ്പര്യമുള്ള പാര്‍ട്ടിയെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.  തോറ്റത് ചിരവൈരികളായ അണ്ണാ ഡി.എം.കെ സഖ്യത്തോടായിരുന്നുവെങ്കില്‍ ഇത്രവലിയ മുറിവാകുമായിരുന്നില്ല അത്.  അവരോട് അടപടലേ തോറ്റ് തുന്നംപാടിയ ചരിത്രം ഒരുപാടുണ്ട് താനും.

പക്ഷെ ഇന്നലെ പെയ്ത മഴയ്ക്ക് മുളച്ച വിജയ്‌യുടെ ടി.വി.കെയ്ക്ക് മുന്നില്‍ അടിപതറിയതും ഡി.എം.കെ അധ്യക്ഷന്‍ കൂടിയായ എം.കെ.സ്റ്റാലിന് നിയമസഭയുടെ അകത്തളം ഒന്നുകൂടി കാണാനുള്ള അവസരം നിഷേധിച്ച് കൊളത്തൂരിലെ വോട്ടര്‍മാര്‍  വീട്ടിലിരുത്തിയതും അക്ഷരാര്‍ഥത്തില്‍ വെള്ളിടിയായി. 2004 മുതല്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ ആശ്രിതരും കേന്ദ്രത്തില്‍ സഖ്യകക്ഷിയുമായി കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് ടി.വി.കെയ്ക്കൊപ്പം പോയത്  രാഷ്ട്രീയ അസ്ഥിത്വത്തെത്തന്നെ അലോസരപ്പെടുത്തിയ മറ്റൊരു തിരിച്ചടിയായി.

ഇന്ത്യ സഖ്യത്തില്‍ നിന്ന് പുറത്തിറങ്ങിയായിരുന്നു ഡി.എം.കെ അതിന് കണക്കുതീര്‍ത്തത്.  പാര്‍ലമെന്റില്‍ ഒറ്റയ്ക്ക് ഇരിക്കാനുള്ള തീരുമാനം തന്നെ രാഷ്ട്രീയ നിലപാടുകളില്‍– അവതരിപ്പിക്കുന്ന ബില്ലുകളിന്മേല്‍  വിഷയാധിഷ്ഠിത ചാഞ്ചാട്ടത്തിനുള്ള സാധ്യതയിലേക്ക് അന്നേ വിരല്‍ചൂണ്ടിയിരുന്നു.  സംസ്ഥാന രാഷ്ട്രീയത്തില്‍ അടുത്ത അഞ്ചുവര്‍ഷക്കാലം  സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനപ്പുറം കാര്യമായി ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ദേശീയതലത്തില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള തന്ത്രമാണ് ഡി.എം.കെ പയറ്റുന്നത്.  കേന്ദ്രവുമായി അടുത്തുനില്‍ക്കുകയോ പഴയ നിലപാടില്‍ മാറ്റം വരുത്തി സുപ്രധാന ബില്ലുകളെ പിന്തുണയ്ക്കുകയോ ചെയ്താല്‍പ്പോലും  പ്രായോഗിക രാഷ്ട്രീയനേട്ടമാണ്.  അതിന്റെ നാന്ദികുറിക്കലാണ്  മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ മലക്കം മറിച്ചിലെന്ന്  വ്യക്തം. 30 എം.പിമാരുമായി ഇന്ത്യ സഖ്യത്തിന് പുറത്തിറങ്ങിയ സ്റ്റാലിന് പട്ടുപരവതാനി ഒരുക്കി കാത്തിരിക്കുകയാവും എന്‍.ഡി.എ യും.. ബാക്കിയുള്ളത് ചില ഔപചാരിക ചര്‍ച്ചകള്‍ മാത്രം.

ആവര്‍ത്തിക്കുന്ന പഴയ കഥ

ഡിഎംകെയ്ക്ക്  തൊട്ടുകൂടാത്തവരല്ല ബിജെപി.  1999 ല്‍ ഡിഎംകെയും ബിജെപിയും തമ്മില്‍ സഖ്യമുണ്ടായിരുന്നു. അന്നത്തെ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയാണ് അടല്‍ ബിഹാരി വാജ്‌പേയ് യുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ  സഖ്യത്തില്‍ ചേര്‍ന്നത്. തുടര്‍ന്ന് ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെ എന്‍ഡിഎയുടെ ഭാഗമായി മല്‍സരിച്ചു. ഡിഎംകെ നേതാക്കളായ മുരശൊലി മാരനും ടി.ആര്‍ ബാലുവും എന്‍ഡിഎ സഖ്യത്തില്‍ കേന്ദ്രമന്ത്രിമാരുമായി. പിന്നീട് 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ട് കോണ്‍ഗ്രസുമായി ചേര്‍ന്ന് യുപിഎ സഖ്യത്തിന്റെ ഭാഗമായി.

ശത്രുവിന്റെ ശത്രു മിത്രം

കോണ്‍ഗ്രസ് ബന്ധം വിട്ടതോടെ ദേശീയ രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലായി ഡിഎംകെ. ടിവികെ പിടിമുറുക്കുന്ന തമിഴ്‌നാട്ടില്‍ ടിവികെ – കോണ്‍ഗ്രസ് സഖ്യം മുന്നേറുമ്പോള്‍ ഇവരെ എതിര്‍ത്തുകൊണ്ട് തിരിച്ചടിക്കുക എന്നതാകും ഡിഎംകെയുടെ ലക്ഷ്യം.  പോരാത്തതിന് ടിവികെ സര്‍ക്കാര്‍ ഡിഎംകെ ഭരണ കാലത്ത് നടത്തിയ അഴിമതികള്‍ ഓരോന്നായി കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ്. പല ഡിഎംകെ നേതാക്കള്‍ക്കുമെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ദ്വയാര്‍ഥ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധിയെ അറസ്റ്റ് ചെയ്തതതോടെ വിജയ് സര്‍ക്കാര്‍ രണ്ടും കല്‍പിച്ചാണെന്ന് വ്യക്തമാകുന്നുണ്ട്. ടിവികെയെ ചെറുക്കാന്‍ കേന്ദ്രത്തോട് അടുക്കുന്നതാണ് നിലവില്‍ നല്ലതെന്ന തരത്തില്‍ ഡിഎംകെ യില്‍ ചര്‍ച്ചകള്‍ നടന്നെന്നാണ് സൂചന. അതിന്റെ ആദ്യപടിയാണ് മണ്ഡല പുനര്‍നിര്‍ണയത്തിലെ നിലപാട് മാറ്റം. പാര്‍ലമെന്റില്‍  ബില്‍ പാസ്സാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് കേന്ദ്രത്തിന് വേണ്ടത്. എന്നാല്‍ മുന്‍പ് ബില്‍ അവതരിപ്പിച്ചപ്പോള്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്‌തത്. ഇതോടെ 54 വോട്ടിന് ബില്‍ പരാജയപ്പെടുകയായിരുന്നു. 353 വോട്ടാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ വേണ്ടിയിരുന്നത്.ലോക്‌സഭയിലും രാജ്യസഭയുലുമായി  30 എംപിമാരാണ് ഡിഎംകെയ്ക്ക് ഉള്ളത്. 

വിജയ് വളരുന്നു

അട്ടിമറിയോടെ ഭരണംപിടിച്ച് വരവറിയിച്ച വിജയ് തമിഴ്‌നാടിന് പുറത്തേക്കും വേരുകള്‍ നീട്ടുന്നെന്ന സൂചനകളുണ്ട്. കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയതോടെ ദേശീയതലത്തിലും വിജയ് ‌യുടെ മൂല്യമേറുന്നു. നേരത്തെ ഇന്ത്യ സഖ്യത്തില്‍ ദക്ഷിണേന്ത്യയുടെ മുഖമായിരുന്നു ഡിഎംകെയും എം.കെ സ്റ്റാലിനും. ഡിഎംകെ സഖ്യം വിട്ടതോടെ സ്റ്റാലിന്റെ സ്ഥാനം പിടിച്ച് ഇന്ത്യ സഖ്യത്തിലേക്കുള്ള എന്‍ട്രി കൂടി വിജയ് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുപുറമേ വിജയ് തരംഗം മനസിലാക്കിയ കോണ്‍ഗ്രസ് വിജയ്‌ എഫക്ട് ദേശീയ തലത്തിലും ഉപയോഗിക്കാനും മുതിരും. തമിഴകത്തെ വിജയ് നയങ്ങള്‍ക്ക് രാജ്യത്തൊട്ടാകെ കിട്ടുന്ന സ്വീകാര്യത കൂടിയാകുമ്പോള്‍ മൈലേജ് കൂടുമെന്നതും ഉറപ്പാണ്.  കഴിഞ്ഞദിവസം  മണ്ഡലപുനിര്‍ണയത്തില്‍ തമിഴ്‌നാട് എംപിമാരുടെ യോഗം വിളിച്ച് അവലോകനം നടത്തിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താനുള്ള തയാറെടുപ്പിലാണ് വിജയ് എന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. 

ENGLISH SUMMARY:

The shift in the DMK's stance on the delimitation bill is viewed with concern by the INDIA alliance. Initially opposing the bill entirely, the DMK is now signaling potential cooperation if it doesn't affect South Indian states, a move that suggests a strategic political realignment.