തമിഴ്‌നാട് മധുരയില്‍ മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ റോഡ് ഷോ കാണാനെത്തിയ മൂന്നുപേര്‍ കുഴഞ്ഞുവീണു. മൂന്ന് സ്ത്രീകളാണ് കുഴഞ്ഞുവീണത്. മധുരയിലെ ഗാന്ധി മ്യൂസിയം ഉദ്ഘാടനം ചെയ്യാനെത്തിയ വിജയ്‌യെ കാണാനായി റോഡില്‍ കാത്തുനിന്നവരാണ് ബോധരഹിതരായത്. ഇവരെ ഉടന്‍ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സ നല്‍കി. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം.

തായ്‌മാമൻ തങ്ക മോതിരം പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം മധുരയിലെ ഗാന്ധി മ്യൂസിയം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വി‍ജയ്. രാവിലെ മുതൽ റോഡിന്റെ ഇരുവശങ്ങളിലും വലിയ ജനക്കൂട്ടമാണ് വിജയ്‌യെ കാണാനായി തടിച്ചുകൂടിയിരുന്നത്. തിരക്കും കടുത്ത ചൂടും മണിക്കൂറുകളോളമുള്ള കാത്തുനിൽപ്പുമാണ് പലരും കുഴഞ്ഞുവീഴാൻ ഇടയാക്കിയത്.

അതേസമയം, വിജയ്‌യുടെ പൊതുപരിപാടികളിലെ ജനത്തിരക്ക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസും സംഘാടകരും നടപടികള്‍‌ ശക്തമാക്കിയിട്ടുണ്ട്. കുഴഞ്ഞുവീണവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും പരിപാടി തുടരുന്ന സാഹചര്യത്തിൽ അധിക സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ വിജയ് സന്ദർശനം നടത്തും. വൻ ജനത്തിരക്ക് കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ENGLISH SUMMARY:

Three women collapsed due to extreme heat and heavy overcrowding during a roadshow led by Tamilaga Vettri Kazhagam (TVK) chief & Tamilnadu CM Joseph Vijay in Madurai. The incident occurred while a massive crowd gathered along the roadsides to catch a glimpse of the actor-politician as he arrived to inaugurate the Gandhi Museum following the launch of the 'Thai Maman Thanga Mothiram' scheme. The affected individuals were immediately rushed to the Madurai Government Hospital for primary medical assistance and their conditions are reported to be stable. Following the event, local police and organizers tightened security and crowd control measures ahead of Vijay's scheduled visit to the Madurai Meenakshi Amman Temple.