AFP

ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 334 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 10 വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുത്തു. 

ഓപ്പണര്‍ വില്‍ യങ് (125) സെഞ്ചുറി നേടി. ഇന്ത്യയ്ക്കെതിരെ ആദ്യത്തെയും ഏകദിനത്തില്‍ അഞ്ചാമത്തെയും സെഞ്ചുറിയാണിത്. ടിം സെയ്ഫര്‍ട്ട് 58 റണ്‍സെടുത്തു. ഫില്‍ അലന്‍ 41 റണ്‍സിന് പുറത്തായി. ഗുര്‍നൂര്‍ ബ്രാറും അക്സര്‍ പട്ടേലും അക്വിബ് നബിയും രണ്ടുവിക്കറ്റുകള്‍ വീതം  നേടി.

 

തുടക്കത്തിൽ ക്യാച്ചുകൾ പാഴാക്കാന്‍ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങളെയാണ് മൈതാനത്ത് കണ്ടത്. ന്യൂസീലന്‍ഡ് ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ രണ്ട് അവസരങ്ങളാണ് സൂപ്പർ താരം രോഹിത് ശർമയും വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷനും പാഴാക്കിക്കളഞ്ഞത്. പേസർ ആക്വിബ് നബി എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ സ്ലിപ്പിൽ വിൽ യങ്ങിനെ പുറത്താക്കാൻ ലഭിച്ച അവസരം രോഹിത് കളഞ്ഞു. പന്ത് രോഹിതിന്റെ കൈകളിലെത്തിയെന്നു തോന്നിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തൊട്ടടുത്ത പന്തിൽ വിക്കറ്റ് കീപ്പർ ഇഷാന്‍ കിഷനും വിൽ യങ്ങിനെ പുറത്താക്കാനുള്ള മറ്റൊരു അവസരം കളഞ്ഞുകുളിച്ചു.

 

രണ്ട് അവസരങ്ങൾ ഫീൽഡർമാർ പാഴാക്കിയതു കണ്ട് ബോളർ ആക്വിബ് നബി ഗ്രൗണ്ടിൽവച്ച് രോഷം പ്രകടിപ്പിക്കുകയും ചെയ്തു. വലിയ വിലയാണ് നഷ്ടപ്പെട്ട അവസരത്തിന് ഇന്ത്യൻ താരങ്ങൾ കൊടുക്കേണ്ടിവന്നത്. ഓപ്പണറായ വിൽ യങ് കിവീസിനായി സെഞ്ചറി നേടി. ഓപ്പണിങ് വിക്കറ്റിൽ 85 റൺസിന്റെ കൂട്ടുകെട്ടാണ് വിൽ യങ്ങും ടിം സെയ്ഫർടും ചേർന്ന് കിവീസിനായി പടുത്തുയർത്തിയത്. എന്നാൽ ഗുർനൂർ ബ്രാറിന്റെ 12–ാം ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ടിം സെയ്ഫർട്ടിനെ ക്യാച്ചെടുത്തു പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു.

 

മൂന്ന് പ്രധാന മാറ്റങ്ങളോടെയാണ് ബേ ഓവലില്‍ ഇന്ത്യ ഇറങ്ങിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, കെ.എല്‍.രാഹുല്‍, അന്‍ഷുള്‍ കാംബോജ് എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഇല്ല. പകരം ഋതുരാജ് ഗെയ്ക്ക്​വാദ്, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമില്‍. കിവീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് 19ന് തുടക്കമാകുന്നതിനാലാണ് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത്. സിറാജിന് ഇക്കുറിയും അവസരം ലഭിച്ചില്ല. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2–0ത്തിന് മുന്നിലാണ്. മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാകും. ആറ് മാറ്റങ്ങളാണ് ന്യൂസീലന്‍ഡ് ലൈനപ്പിലുള്ളത്. നിക് കെല്ലി, ജീന്‍ ഫോക്​സ്ക്രോഫ്റ്റ്, ഫിന്‍ അലന്‍, ക്രിസ്റ്റ്യന്‍ ക്ലര്‍ക്, മിഷേല്‍ ബ്രേസ്​വെല്‍, മാറ്റ് ഹെന്‍​റി എന്നിവരാണ് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്.

 

ഇന്ത്യ പ്ലേയിങ് ഇലവന്‍ : രോഹിത് ശര്‍മ, ഋതുരാജ് ഗെയ്ക്​വാദ്, വിരാട് കോലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍) , ഇഷാന്‍ കിഷന്‍, അക്സര്‍ പട്ടേല്‍, നമന്‍ ധീര്‍, അക്വിബ് നബി, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്.

ENGLISH SUMMARY:

Will Young century helped New Zealand set a 334-run target against India after Indian fielders missed crucial catches early in the innings. The match highlights also featured impressive spells from Indian bowlers like Aqib Nabi and Gurnoor Brar.