തമിഴ്നാട് മധുരയില്‍ ജ്വല്ലറിയില്‍നിന്ന് 50 കോടിരൂപയുടെ 35 കിലോ സ്വര്‍ണം കവര്‍ന്നതില്‍ ദുരൂഹത. സെക്യൂരിറ്റി അലാം പ്രവര്‍ത്തിക്കാത്തതാണ് അന്വേഷണസംഘം സംശയാസ്പദമായി കാണുന്നത്. ജീവനക്കാര്‍ ഉള്‍പ്പെടെ 30 പേരെ ചോദ്യം ചെയ്തു. സ്വര്‍ണം സൂക്ഷിച്ച സ്ഥലം അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക ്പിന്നിലെന്ന് സൂചന. 

 

15 ദിവസം മുൻപ്   ഉദ്ഘാടനം ചെയ്ത ഷോറൂമിലാണ് കവര്‍ച്ച.  മോഷ്ടാക്കളെ പിടികൂടാന്‍ മൂന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കവര്‍ച്ച. കലാവാസലിന് സമീപം ബൈപാസ് റോഡിലുള്ള പ്രമുഖ ബ്രാന്‍ഡിന്റെ ജ്വല്ലറി ശ്യംഖലയുടെ  പുതിയ ഷോറൂമില്‍നിന്നാണ് 50 കോടി രൂപയുടെ സ്വര്‍ണവും വജ്രാഭരണങ്ങളും കവര്‍ന്നത്. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ജ്വല്ലറിയുടെ പിന്‍ഭാഗം വഴിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്നാണ് വിവരം. കെട്ടിടത്തിന്റെ ലിഫ്റ്റ് നിര്‍മാണം പൂര്‍ണമായും കഴിഞ്ഞിരുന്നില്ല. മോഷ്ടാക്കള്‍ ഈഭാഗം വഴിയാണ് മൂന്നാം നിലയില്‍ പ്രവേശിച്ചതെന്നാണ് പൊലീസ് നിഗമനം. 

 

Also read: ഉദ്ഘാടനം കഴിഞ്ഞിട്ട് 15 ദിവസം മാത്രം; ജ്വല്ലറിയിൽ നിന്ന് 50 കോടിയുടെ സ്വർണം കവർന്നു


ഇവിടെ പ്രദര്‍ശനത്തിനായി അടക്കം സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. 35 കിലോ സ്വർണം നഷ്‌ടമായെന്നാണ് പ്രാഥമിക നിഗമനം. സ്റ്റോക്കുകള്‍ മുഴുവന്‍ പരിശോധിച്ചശേഷമേ കൃത്യമായ കണക്ക് ലഭ്യമാകൂ. അതേസമയം ബാഗുമായി പോകുന്ന മുഖംമൂടി ധരിച്ച മൂന്നുപേരുടെ  സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഫൊറന്‍സിക് സംഘം  ജ്വല്ലറി സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു.പൊലീസ് സ്നിഫര്‍ നായ്ക്കളെ എത്തിച്ചും പരിശോധിച്ചു. പ്രദേശത്ത് തന്നെയുള്ളവരാണോ അതോ പുറത്തുനിന്നുള്ള സംഘമാണോ മോഷണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.   

ENGLISH SUMMARY:

Madurai jewelry heist involving the theft of 35 kg of gold worth 50 crore rupees has baffled police due to the mysterious failure of the security alarm. Authorities have formed three special teams and interrogated 30 individuals, including staff members, to nab the masked culprits captured on CCTV.