File image

ജി.എന്‍.എ വൈദ്യുതിക്കരാറില്‍ മുഖ്യമന്ത്രിയെ തള്ളി വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. ജി.എന്‍.എ കരാര്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ മന്ത്രി കെഎസ്ഇബി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും പറഞ്ഞു. സമ്മര്‍ദം ഉണ്ടാക്കിയിട്ടില്ല. ആവശ്യകത ആവര്‍ത്തിച്ചതാണ്. ദീര്‍ഘകാലത്തേക്ക് വൈദ്യുതി വേണമെന്നും കരാറിനായി ശ്രമം തുടരുന്നു. വേണ്ടെന്ന് ആര്‍ക്കാണ് പറയാനാകുക. 10 വര്‍ഷം കൊണ്ട് ആവശ്യകത ഇരട്ടിയായി. കരാറിനായി ശ്രമം തുടരുന്നെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. 

 

ജിഎൻഎയുമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാറൊന്നും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞത്. ഹിമാചലിൽനിന്നു വൈദ്യുതി വാങ്ങണോ ജിഎൻഎയിൽനിന്നു വാങ്ങണോ എന്നതു തീരുമാനിക്കാനുള്ള ഫയലാണ് തന്റെ മുന്നിൽ എത്തിയത്. ഹിമാചൽ രാജസ്ഥാന് 15.40 രൂപയ്ക്ക് വൈദ്യുതി നൽകിയിരുന്നു. രണ്ടും കൂടി താരതമ്യം ചെയ്യുമ്പോൾ ജിഎൻഎയാണു നല്ലതെന്നാണു തീരുമാനിച്ചത്.

 

Also read: ജിഎന്‍എ വൈദ്യുതി തർക്കത്തിൽ അയവ്; പ്രതിപക്ഷത്തിന് ആയുധം നൽകേണ്ടെന്ന് സർക്കാർ

അതിൽ കൂടുതൽ അന്വേഷിച്ച് ആവശ്യമുണ്ടെങ്കിൽ കരാറിൽ ഏർപ്പെടാനാണു നിർദേശിച്ചത്. കഴിഞ്ഞ പത്തു വർഷവും ഒരു തരത്തിലുള്ള ആസൂത്രണവുമില്ലാത്തതാണ് പ്രതിസന്ധിക്കു കാരണം. വില കുറഞ്ഞു നിൽക്കുമ്പോൾ ദീർഘകാല കരാർ ഉണ്ടാക്കാതിരുന്ന മുൻ സർക്കാരിന്റെ നടപടി കുറ്റകൃത്യമാണ്. കഴിഞ്ഞ പത്തു വർഷവും വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നത് ഹരമാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

എൻടിപിസി 5.18 രൂപയ്ക്ക് ഏപ്രിലിൽ വൈദ്യുതി നൽകാമെന്നു സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് ആ സമയത്ത് ജിഎൻഎയെയും ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്‌ടോബർ 29ന് കെഎസ്ഇബി തന്ന റിപ്പോർട്ടിൽ പെട്ടെന്നു തീരുമാനമെടുത്തില്ലെങ്കിൽ പവർകട്ട് ഉണ്ടാകുമെന്നാണ് അറിയിച്ചത്. എന്നാൽ പിന്നീട് പുതിയ ടീം അതു മാറ്റി നൽകി. എനിക്കെതിരെ ആരോപണം ഉന്നയിച്ചത് സമ്മർദം ചെലുത്തി കരാർ ഒപ്പിടീക്കാൻ വേണ്ടിയാണ്. എന്നാൽ അതിനു വഴങ്ങിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും വില കുറഞ്ഞ വൈദ്യുതി വാങ്ങാനായി ഹ്രസ്വ, ദീർഘകാല കരാറുകളിൽ ഏർപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കഴിഞ്ഞ 10 വർഷം വൈദ്യുതി സംഭരണം അവതാളത്തിലായിരുന്നു. ഉൽപാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാനുള്ള ബാറ്ററി സംവിധാനമൊരുക്കിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആവശ്യമുള്ളതിന്റെ 15 ശതമാനം മാത്രമേ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നുള്ളു. ബാക്കി സംസ്ഥാനങ്ങൾ ഉൽപാദനവും ബാറ്ററി സംഭരണവും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎൻഎയിൽനിന്നു പിന്മാറിയത് അറിഞ്ഞില്ലെന്നു വൈദ്യുതി മന്ത്രി പറഞ്ഞുവെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:

Malayala Manorama Online News reports that Electricity Minister Sunny Joseph contradicted the Chief Minister regarding the GNA power purchase agreement controversy. The updates highlight ongoing discussions on KSEB power contracts and state energy management.