സാമ്പത്തിക ഇടപാട് കേസില്‍ തമിഴ് സിനിമയിലെ മുതിര്‍ന്ന താരം രാജ് കിരണിന് ആശ്വാസം. സിനിമയുടെ അഡ്വാൻസ് തുക തിരിച്ചുകൊടുക്കാത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിൽ രാജ് കിരണിന് മദ്രാസ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി താരം അടുത്ത 15 ദിവസത്തേക്ക് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പുവെക്കണമെന്നാണ് കോടതി ഉത്തരവ്.
1990 കളിൽ തമിഴ് സിനിമയിലെ ജനപ്രിയ നായകനായിരുന്ന രാജ് കിരൺ സമീപകാലത്ത് പവര്‍ പാണ്ടി, മെയ്യഴകന്‍, ഇഡലി കടൈ, വാ വാത്തിയാർ തുടങ്ങിയ ചിത്രങ്ങളിലൂടെ പുതിയകാലത്തെ പ്രേക്ഷകരുടെയും പ്രിയതാരമാണ്. ഷൈലോക്കിലൂടെ മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച താരമാണ് ഇപ്പോള്‍ സാമ്പത്തിക കേസില്‍പ്പെട്ടിരിക്കുന്നത്.
2022-ലാണ് കേസിന് ആസ്പദമായ ഇടപാട് നടന്നത്. ഒരു പുതിയ സിനിമയുടെ നിർമാണത്തിനായി പ്രൊഡ്യൂസർ ശരവണൻ നടൻ രാജ് കിരണിന് 50 ലക്ഷം രൂപ അഡ്വാൻസ് നൽകി. എന്നാൽ, പിന്നീട് പ്രോജക്റ്റ് മുടങ്ങി. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ട് നിർമാതാവ് രംഗത്തു വരികയും വിഷയം തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ ചർച്ചയ്ക്ക് എത്തുകയും ചെയ്തു. കൗൺസിലിന്റെ ഇടപെടലിനെത്തുടർന്ന് 2025-ൽ രാജ് കിരൺ 10 ലക്ഷം രൂപ തിരികെനൽകി. ബാക്കി 40 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാരോപിച്ചാണ് നിർമ്മാതാവ് ശരവണന്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്നു പൊന്നേരി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ കഴിഞ്ഞ ആഗസ്റ്റ് 28-ന് രാജ് കിരണിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്നാണ് താരം അറസ്റ്റ് ഒഴിവാക്കാനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
സിവിൽ സ്വഭാവത്തിലുള്ള കേസാണിതെന്നും, കരാറുണ്ടാക്കി വർഷങ്ങൾക്ക് ശേഷം അതിൽ ക്രിമിനൽ കേസ് കെട്ടിചമയ്ക്കുകയാണെന്നും രാജ് കിരൺ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. താൻ നിയമനടപ്പുകളിൽ നിന്ന് ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. വാദങ്ങൾ കേട്ട കോടതി, അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയോടെയാണ് രാജ് കിരണിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട മറ്റ് നിയമനടപടികൾ തുടരുമെന്ന് കോടതി വ്യക്തമാക്കി.