തമിഴ്‌നാട്ടിലെ പ്രധാന അമ്പലങ്ങളിൽ മൊബൈൽ ഫോൺ പൂർണ്ണമായി നിരോധിക്കാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (HR&CE) വകുപ്പ് ഉത്തരവിട്ടു. സെപ്റ്റംബർ 1 മുതലാണ് ഉത്തരവ് നടപ്പിലാക്കുക. അമ്പലങ്ങളുടെ വിശുദ്ധി നിലനിർത്താനും ഭക്തർക്ക് തടസ്സമില്ലാതെ ദർശനം ഉറപ്പാക്കാനുമാണ് ഈ  തീരുമാനമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ നിർദേശപ്രകാരം ക്ഷേത്രത്തിനകത്ത് മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവദിക്കില്ല. ഫോട്ടോകൾ എടുക്കുന്നതും വിഡിയോ ചിത്രീകരിക്കുന്നതും വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സോഷ്യൽ മീഡിയ റീൽസുകളും മറ്റ് ഉള്ളടക്കങ്ങളും നിർമിക്കുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്.

സിനിമാതാരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, മറ്റ് വി.ഐ.പി.കൾ എന്നിവർ ദർശനത്തിനെത്തുമ്പോൾ അവരുടെ ചിത്രങ്ങളോ വിഡിയോകളോ പകർത്തുന്നതിനും അനുമതിയുണ്ടാകില്ല. ഈ നിയന്ത്രണം മാധ്യമങ്ങൾക്കും ബാധകമായിരിക്കും. നിർദേശം ലംഘിച്ച് ക്ഷേത്രത്തിനുള്ളിൽ ചിത്രങ്ങളോ വിഡിയോകളോ പകർത്തുന്നവർക്കെതിരെ പൊലീസ് നടപടിയുണ്ടാകുമെന്ന് എച്ച്.ആർ.&സി.ഇ കമ്മീഷണർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

ഭക്തരുടെ സൗകര്യത്തിനായി ക്ഷേത്രപ്രവേശന കവാടങ്ങളിൽ മൊബൈൽ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേക ലോക്കർ കൗണ്ടറുകൾ ഒരുക്കാനും നിർദേശമുണ്ട്. മധുരൈ മീനാക്ഷി അമ്മൻ ക്ഷേത്രം ഉൾപ്പെടെ നിരവധി പ്രശസ്ത ക്ഷേത്രങ്ങളിലെ ശ്രീകോവിലിന്റെയും ആരാധനാ ചടങ്ങുകളുടെയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് സർക്കാർ നിയന്ത്രണം കർശനമാക്കിയത്. 

ENGLISH SUMMARY:

The Hindu Religious and Charitable Endowments (HR&CE) department in Tamil Nadu has issued a strict directive completely banning mobile phones in major state temples starting September 1 to preserve sanctity and ensure hassle-free darshan for devotees. Under the new rules, photography, video recording, deity captures, and social media reel production are strictly prohibited inside temple premises, with restrictions applying equally to VIPs and media personnel. Violators will face police action as per the commissioner's circular, prompting authorities to set up secure locker counters at temple entrances for devotees to store their devices safely. The decision follows the widespread circulation of unauthorized videos and ritual recordings from prominent shrines like the Madurai Meenakshi Amman Temple.