മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തും എന്ന തമിഴ്നാടിന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുൻമന്ത്രി എം എം മണി. തമിഴ്നാട് സർക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കൂ എന്നും ഏതു വിജയ് സർക്കാർ ആയാലും ഈ തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്നും മണി പറഞ്ഞു. തമിഴ്നാടിന് വെള്ളം കൊടുക്കുന്നതില്‍ എതിരല്ലെന്നും എന്നാല്‍ പഴയതു പോലെ തന്നെ മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നും എം.എം.മണി.
മണിയുടെ വാക്കുകളിങ്ങനെ, നിലവിലുള്ള ഡാമിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കണം. അല്ലാതെ കൂടുതല്‍ വെള്ളം കൊടുക്കണം എന്നുള്ളതൊക്കെ മനസില്‍ വച്ചാല്‍ മതി. കേരളത്തില്‍ നടപ്പിലാക്കില്ല. വേണമെങ്കില്‍ പുതിയ ഡാം ആകാം. അപ്പോഴും വെള്ളം ഇതേ അളവില്‍ തന്നെയെ കൊടുക്കൂ. അതില്‍ കൂടുതല്‍ കൊടുത്താല്‍ ഇടുക്കി ഡാമിലേക്ക് വരുന്ന വെള്ളത്തിന്‍റെ അളവ് കുറയും. കേരളത്തെ ബാധിക്കും, വൈദ്യുതി ഉല്പാദനത്തെ ബാധിക്കും. പറയുമ്പോള്‍ തമിഴ്നാട്ടിലെ ആളുകള്‍ നമ്മുടെ സഹോദരങ്ങളാണ് എങ്കിലും നമ്മുടെ സുരക്ഷ പ്രധാനമാണ്.
തമിഴ്നാട് പ്രമേയം പാസാക്കി അവിടെ വച്ചു കൊണ്ടിരുന്നാ മതി. ഇടുക്കി ഡാം നമ്മുടെ മണ്ണിലാണെന്നും അവിടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നതും നമ്മളാണെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു. ഇടുക്കിയിലെ 3 താലൂക്കുകൾ തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന പ്രചരണത്തിലും അദ്ദേഹം പ്രതികരിച്ചു. പച്ച മലയാളത്തിൽ പറഞ്ഞാൽ അത് കയ്യിൽ വച്ചാൽ മതിയെന്ന് അതിന് എ എം മണി മറുപടി നൽകി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്നായിരുന്നു ഇന്നലെ അവതരിപ്പിച്ച വിജയ് സർക്കാറിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം. .അതേസമയം മുല്ലപ്പെരിയാർ ഷട്ടർ നാളെ തുറക്കും. കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടും. മന്ത്രി സിടിആർ നിർമൽ കുമാർ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിയ്ക്കായാണ് ജലം ലഭ്യമാക്കുന്നത്. സാധാരണ ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കുക. ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനാലാണ് രണ്ട് മാസത്തിലധികം വൈകിയത്.