vijay-tvk-rally-denied

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ട്വന്‍റി 20 മത്സരത്തിനിടെ വിസിലിന് നിരോധനമെന്ന് റിപ്പോര്‍ട്ട്. ന്യൂസീലന്‍ഡ്– അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ വിസിലുമായി കാണികളെ മൈതാനത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി. വിസില്‍ വില്‍ക്കുന്നവരെ ഇതില്‍ നിന്നും വിലക്കിയെന്നും വിവരമുണ്ട്. നടന്‍ വിജയ്‍യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് വിസില്‍. 

'കപ്പ് മുഖ്യം ബിഗിലെ'; ടിവികെയ്ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

മൈതനത്തേക്ക് വിസിലുമായി എത്തിയവരെ പൊലീസുകാര്‍ തടഞ്ഞെന്നും വിസില്‍ പിടിച്ചെടുത്തെന്നും കളി കാണാനെത്തിയവര്‍ പറഞ്ഞു. ഔദ്യോഗിക നിരോധമില്ലായിരുന്നുവെന്നും പൊലീസുകാര്‍ക്കിടയിലെ ആശയക്കുഴപ്പമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.  നിരോധനമില്ലെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും വിശദീകരിച്ചു. 

 

ചെന്നൈ ക്രിക്കറ്റ് സംസ്കാരത്തില്‍ വിസിലിന് വലിയ പ്രധാന്യമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ആവേശമുദ്രാവാക്യമാണ്  'വിസില്‍ പോഡു'. സാധാരണരീതിയില്‍ ക്രിക്കറ്റ് മൈതാനങ്ങളില്‍ നിരോധിച്ച വസ്തുക്കളുടെ കൂട്ടത്തില്‍ വിസില്‍ ഇല്ല എന്നതും തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തു എന്നതും സംഭവത്തെ കൂടുതല്‍ ചര്‍ച്ചയാക്കി.  

 

ജനുവരിയില്‍ തിരഞ്ഞെടുപ്പ് കന്മീഷന്‍ തമിഴക വെട്രി കഴകത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് ചിഹ്നം വിസില്‍ ആയിരുന്നു. ഡിഎംകെ സര്‍ക്കാറിനെതിരെ വിജയ് സ്ഥിരം വിമര്‍ശനം ഉന്നയിക്കുന്ന സമയത്താണ് ഇങ്ങനെയൊരു നിരോധനം വന്നത്.

 

പല വിജയ് സിനിമകളിലും വിസിലിന് പ്രധാന്യമുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ബിഗില്‍ എന്ന ചിത്രത്തില്‍ വിസില്‍ ചിഹ്നം ശ്രദ്ധേയമായിരുന്നു. 300 കോടി രൂപ നേടിയ ചിത്രം വിജയ്‍യുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു. ചിത്രത്തിലെ 'കപ്പ് മുഖ്യം ബിഗിലെ' എന്ന പഞ്ച് ലൈന്‍ സിനിമയോടൊപ്പം തന്നെ ഹിറ്റായിരുന്നു. 

ENGLISH SUMMARY:

World Cup T20 news from Chennai Chepauk Stadium reports a whistle ban during a match between New Zealand and Afghanistan. This incident gained attention as the whistle is the election symbol for actor Vijay's party, Tamilaga Vettri Kazhagam.