sahibzada-farhan-t20-world-cup-record

ട്വന്റി 20 ലോകകപ്പില്‍ ഒരു എഡിഷനില്‍ ഏറ്റവുമധികം റണ്‍നേടുന്ന താരമായി പാക്കിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്സാദാ  ഫര്‍ഹാന്‍. ഇന്ത്യന്‍ താരം വിരാട് കോലിയെയാണ് ഫര്‍ഹാന്‍ പിന്നിലാക്കിയത്.  ശ്രീലങ്കയ്ക്കെതിരെ  ബൗണ്ടറിയടിച്ച് നാല്‍പത് റണ്‍സ് പിന്നിട്ടതോടെ ഫര്‍ഹാന്റെ റണ്‍നേട്ടം 323 റണ്‍സില്‍ എത്തി. 2014 ലോകകപ്പില്‍ 319 റണ്‍സ് നേടിയ വിരാട് കോലിയുടെ റെക്കോര്‍ഡാണ് പന്ത്രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഫര്‍ഹാന്‍ തകര്‍ത്തത്. 

ബാബറിനെയും പിന്നിലാക്കി കുതിപ്പ് 

ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന പാക്കിസ്ഥാന്‍ താരമെന്ന റെക്കോര്‍ഡും ഇനി 29കാരന്‍ ഫര്‍ഹാന് സ്വന്തം. 2021 ലോകകപ്പില്‍ 303 റണ്‍സ് നേടി ബാബര്‍ അസം കുറിച്ച റെക്കോര്‍ഡാണ് ഫര്‍ഹാന്‍ പഴങ്കഥയാക്കിയത്. ശ്രീലങ്കയ്ക്കെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ ടൂര്‍ണമെന്റിലെ പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ടൊരുക്കാനും ഫര്‍ഹാന്‍ – ഫഖര്‍ സമാന്‍ സഖ്യത്തിനായി. ഇക്കുറി ആദ്യമായാണ് പാക്കിസ്ഥാന്‍ ഓപ്പണിങ്ങ് കൂട്ടുകെട്ട് പവര്‍പ്ലേയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ടൂര്‍ണമെന്റില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ സയിം അയ്യൂബിന് പകരക്കാരനായാണ് ഫഖര്‍ സമാന്‍ പ്ലെയിങ് ഇലവനിലേക്ക് എത്തിയത്. ബാബര്‍ അസമിനെയും  സല്‍മാന്‍ മിസ്രയെയും ഒഴിവാക്കിയാണ് പാക്കിസ്ഥാന്‍ നിര്‍ണായക മല്‍സരത്തിന് ഇറങ്ങിയത് 

ENGLISH SUMMARY:

Sahibanzada Farhan has set a new T20 World Cup record for the most runs in a single edition, surpassing Virat Kohli's previous best. This achievement marks a significant milestone for the Pakistan opener.