സിംബാബ്‍വെയ്ക്ക് എതിരായ നിര്‍ണായക സൂപ്പര്‍ എട്ട് മത്സരത്തില്‍ മികച്ച തുടക്കമാണ് സഞ്ജു സാംസണ്‍ നല്‍കിയത്. രണ്ടാം പന്തില്‍ സിക്സറടിച്ച് തുടങ്ങിയ സഞ്ജു 15 പന്തില്‍ 24 റണ്‍സെടുത്തു. അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണിങില്‍ ടീമിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഞ്ജുവിന്‍റെ ഇന്നിങ്സിനായി. സഞ്ജുവിന്‍റെ മികച്ച തുടക്കത്തെ മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ പ്രശംസിച്ചു.
സെമിയിലെത്താന്‍ ഇന്ത്യയ്ക്കും വിന്‍ഡീസിനും 50/50 ചാന്‍സ്; ഇന്ത്യ–പാക്ക് സെമിക്ക് സാധ്യതയുണ്ടോ?
സഞ്ജു മികച്ച തുടക്കം നല്‍കുന്നത് തുടരുമെന്നും വരുന്ന മൂന്നു മത്സരങ്ങളില്‍ മൂന്നിലും സെഞ്ചറിയടുക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു. മൂന്നെണ്ണം സാധിച്ചില്ലെങ്കില്‍ അടുത്ത മൂന്നു മത്സരത്തില്‍ ഒരു സെഞ്ചറിയെങ്കിലും നേടണമെന്നാണ് അശ്വിന്‍റെ ആവശ്യം.
''സഞ്ജു ഫൈനല്‍ വരെ മികച്ച തുടക്കം നല്‍കിയാല്‍, 14 പന്തില്‍ 24, 15 പന്തില്‍ 28 എന്നിങ്ങനെ സ്കോര്‍ നേടിയാല്‍ ടീമില്‍ സഞ്ജുവിന്‍റെ കടമ പൂര്‍ത്തിയായി. മികച്ച തുടക്കം നല്‍കുന്നുണ്ട്. ക്രീസില്‍ കൂടുതല്‍ നേരം നില്‍ക്കാനായാല്‍ വലിയ സ്കോര്‍ നേടാനാകും'' അശ്വിന്‍ പറഞ്ഞു.
"മൂന്നു സെഞ്ചറിയടിച്ച് സഞ്ജു ലോകകപ്പ് അവസാനിപ്പിക്കണം. അല്ലെങ്കില്‍ ഒന്നോ രണ്ടോ സെഞ്ചറി നേടണം. സെഞ്ചറിയില്ലെങ്കില്‍ ലോകകപ്പിൽ ടീമിന് നിർണായകമാകുന്ന ആത്മവിശ്വാസം നൽകുന്ന ഒന്നോ രണ്ടോ പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞാൽ അത് വലിയ കാര്യമായിരിക്കും. സഞ്ജു അത് അർഹിക്കുന്നുണ്ട്" എന്നിങ്ങനെയാണ് അശ്വിന്‍റെ വാക്കുകള്‍.
ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ എട്ട് മത്സരം. ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യ സെമിഫൈനലിലേക്ക് മുന്നേറും. സെമിയിലെത്തിയാല്‍ ഇംഗ്ലണ്ടായിരിക്കും ഇന്ത്യയുടെ എതിരാളി.