sanju-samson

സിംബാബ്‍വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സംസാണിന്‍റെ പേരില്ലാത്തതായിരുന്നു വലിയ ചര്‍ച്ച. ട്വന്‍റി20 ലോകകപ്പിന്‍റെ താരമായിരുന്ന സഞ്ജുവിനെ മൂന്നു ഇന്നിങ്സിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ പുറത്താക്കി എന്നത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ സഞ്ജുവിനെ പുറത്താക്കിയതല്ലെന്നും താരത്തിന് വിശ്രമം അനുവദിച്ചതാണെന്നുമാണ് വിവരം. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ പഞ്ചാബ് കിങ്സ് താരം പ്രഭ്‌സിമ്രാൻ സിങിന് അവസരം നല്‍കാനാണ് സഞ്ജുവിന് വിശ്രമം അനുവദിച്ചത്. ജൂലൈ 23 നാണ് ഇന്ത്യയുടെ സിംബാബ്‍വെ പര്യടനം ആരംഭിക്കുന്നത്. 

സഞ്ജുവിനെ ടീമില്‍ നിന്നും പുറത്താക്കാനോ ഓപ്പണിങ് സ്ഥാനത്ത് നിന്ന് നീക്കാനോ തീരുമാനമെടുത്തിട്ടില്ലെന്ന് സെലക്ഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സെപ്റ്റംബറില്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു ചേരും. സഞ്ജുവിനെ കൂടാതെ അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ക്കും സിംബാബ്‍വെ പര്യടനത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. 

കാര്യമായ വിശ്രമില്ലാതെ തുടര്‍ച്ചയായ ആറു മാസമായി ക്രിക്കറ്റ് കളിക്കുന്നതിനാലാണ് സഞ്ജുവിന് വിശ്രമം അനുവദിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ട്വന്‍റി20 ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന സഞ്ജുവിന് വിശ്രമം അനുവദിച്ചതാണ് അമ്പരപ്പിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ടാം ട്വന്‍റി20യില്‍ സഞ്ജുവിനെ ഒഴിവാക്കി ടീം വൈഭവിന് അവസരം നല്‍കിയിരുന്നു. ഇതിന് പിന്നാലെ വന്ന സിംബാബ്‍വെ പര്യടനത്തിലും ഒഴിവായതാണ് ആരാധകരെ ചൊടിപ്പിച്ചത്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലായി 5,0, 1 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ പ്രകടനം. 

ജൂലൈ 19 തിനാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അവസാനിക്കുന്നത്. 23-ാം തീയതി സിംബാബ്‍വെ പര്യടനം ആരംഭിക്കുകയും ചെയ്യും. ഇത്തരം ചെറിയ പര്യടനങ്ങളില്‍ മുഖ്യധാരയില്‍ ഇല്ലാത്ത താരങ്ങളെ പരീക്ഷിക്കുന്നതാണ് പതിവ്. നേരത്തെയും സിംബാബ്‌വെ പര്യടനങ്ങളില്‍ ഒട്ടനവധി കളിക്കാര്‍ ഇന്ത്യൻ ടീമില്‍ അരങ്ങേറിയിട്ടുണ്ട്. അടുത്തിടെ ക്യാപ്റ്റനായി എത്തിയതിനാലാണ് ശ്രേയസ് അയ്യര്‍ക്ക് വിശ്രമം അനുവദിക്കാതിരുന്നത്. സഞ്ജുവിന് വിശ്രമം അനുവദിച്ചതോടെ സിംബാബ്‌വെ പരമ്പരയിൽ വൈഭവ് സൂര്യവംശിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. ഇഷാന്‍ കിഷന്‍ ടീമിന്‍റെ പ്രധാന വിക്കറ്റ് കീപ്പറായി കളിക്കും. 

ENGLISH SUMMARY:

Contrary to speculation, Sanju Samson has not been dropped from the Indian team but has been granted rest for the upcoming Zimbabwe tour to manage his workload after six months of continuous cricket. The selection committee has confirmed that he remains in their plans, particularly for the Asian Games in September. Other key players like Axar Patel and Arshdeep Singh were also given similar breaks to recover. In his absence, Ishan Kishan will take on the wicket-keeping duties, allowing the management to test other talents like Prabhsimran Singh.