ഗ്രൂപ്പ് എയില്‍ വിന്‍ഡീസിനെതിരെ വലിയ ജയം നേടിയ ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചു. ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാമത്തെ സെമിഫൈനലിസ്റ്റിനെ കണ്ടെത്താന്‍ ഞായറാഴ്ച ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ട്വന്‍റി 20 ലോകകപ്പിലെ ക്വാട്ടര്‍ ഫൈനലാണ് ഇന്ത്യ– വെസ്റ്റിന്‍ഡീസ് മത്സരം. ജയിക്കുന്നവര്‍ക്ക് സെമിയിലേക്ക് എത്താം. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. ഇനി ന്യൂസീലന്‍ഡിനും പാക്കിസ്ഥാനുമാണ് സാധ്യത. ഇന്നത്തെ ന്യൂസീലന്‍ഡ് –ഇംഗ്ലണ്ട് മത്സരത്തോടെ ഇതില്‍ വ്യക്തവരും.
ഇന്ത്യയോ വിന്‍ഡീസോ?
രണ്ടു ടീമുകള്‍ക്കും രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്‍റാണ്. അടുത്ത മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ഇന്ത്യ സെമിയിലെത്തും. മത്സരം കളിക്കാനാവാതെ ഉപേക്ഷിച്ചാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ വെസ്റ്റിന്‍ഡീസ് മുന്നേറും. ഇന്ന് ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും വെസ്റ്റിന്‍ഡീസിന്‍റെ റണ്‍റേറ്റ് +1.791 ആണ്. വലിയ വിജയം പ്രതീക്ഷ ഇന്ത്യയ്ക്ക് റണ്‍റേറ്റ് പോസ്റ്റീവാക്കി മാറ്റാനായില്ല. -0.100 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. അതേസമയം നിലവില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ മഴയ്ക്കുള്ള ഒരു സാധ്യതയും നിലവില്‍ ഇല്ല.
പാക്കിസ്ഥാന്‍ സെമിയിലെത്തുമോ?
സൂപ്പര്‍ എട്ടില്‍ ഇതുവരെ ഒരു മത്സരവും പാക്കിസ്ഥാന്‍ ജയിച്ചിട്ടില്ല. രണ്ടു കളികളില്‍ നിന്നും ഒരു പോയിന്‍റാണ് പാക്കിസ്ഥാനുള്ളത്. ന്യൂസീലന്‍ഡിന് രണ്ടു മത്സരങ്ങളില്‍ നിന്നും മൂന്നു പോയിന്‍റ്. ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രമാണ് പാക്കിസ്ഥാന് സാധ്യതകള്‍. നാളെ ശ്രീലങ്കയെ പാക്കിസ്ഥാന്‍ തോല്‍പ്പിക്കുക കൂടി ചെയ്താല്‍ പാക്കിസ്ഥാനും ന്യൂസീലന്‍ഡിനും മൂന്നു പോയിന്‍റ് വീതമാകും. മികച്ച നെറ്റ് റണ്‍റേറ്റുള്ള ടീം മുന്നേറും. ന്യൂസീലന്‍ഡിന് +3.05 ആണ് റണ്‍റേറ്റ്. പാക്കിസ്ഥാന് -0.461. ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ അടുത്ത മത്സരത്തിന് കാത്തുനില്‍ക്കാതെ പാക്കിസ്ഥാന്‍ പുറത്താകും.
ഇന്ത്യ– പാക്ക് സെമി
ഇന്ത്യ–പാക്ക് സെമിക്ക് യാതൊരു സാധ്യതയുമില്ല. ടൂര്‍ണമെന്‍റ് ഫോര്‍മാറ്റ് പ്രകാരം ഗ്രൂപ്പ് 1 ലെ ഒന്നാം സ്ഥാനക്കാര്‍ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരെ നേരിടും. തിരിച്ചും ഇതേരീതിയിലാണ് സെമിഫൈനലിസ്റ്റുകളെ കണക്കാക്കുക. ഇന്ത്യയ്ക്കും പാക്കിസ്ഥാനും സൂപ്പര്‍ എട്ടില്‍ രണ്ടാം സ്ഥാനക്കാരാകാനുള്ള സാധ്യത മാത്രമെ നിലവിലുള്ളൂ എന്നതിനാല്‍ ഇന്ത്യ–പാക്ക് സെമിക്ക് സാധ്യതയില്ല.