റിങ്കു സിങ്, സഞ്ജു സാംസണ്‍ (ഫയല്‍ ചിത്രം)
‘എന്തിനാണ് റിങ്കു സിങിനെ പുറത്താക്കിയത്? സഞ്ജു സാംസണിന്‍റെ 24-25 റൺസിൽ നിങ്ങൾ സന്തുഷ്ടനാണോ? അതുമതിയോ നിങ്ങള്‍ക്ക്’; ഇന്നലെ വെസ്റ്റ് ഇന്‍ഡീസുമായുള്ള മല്‍സരത്തിന് ഇന്ത്യ ഇറങ്ങും മുന്‍പ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി കാർത്തിക് ചോദിച്ച ചോദ്യമായിരുന്നു ഇത്. റിങ്കുവിനെ അവഗണിച്ച് ടോപ് ഓർഡർ മാറ്റാനുള്ള ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെയായിരുന്നു അദ്ദേഹം രംഗത്തെത്തിയത്. എന്നാല്‍ ഈഡന്‍ ഗാര്‍ഡനില്‍ സഞ്ജു ബാറ്റുകൊണ്ട് അതിന് മറുപടി നല്‍കി.
മുരളി കാര്‍ത്തിക്
ഓപ്പണർമാരായ അഭിഷേക് ശർമ്മയും ഇഷാൻ കിഷനും ഫോം കണ്ടെത്താൻ പാടുപെടുന്നതിനിടെയാണ് സിംബാബ്‌വെയ്ക്കെതിരായ മല്‍സരത്തിലൂടെ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുന്നത്. 15 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് താരം മടങ്ങിയെങ്കിലും രണ്ടാം പന്ത് തന്നെ സിക്സര്‍ പറത്തി സഞ്ജു ടീമിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. ഇതോടെ ഇന്ത്യ– വെസ്റ്റ് ഇന്‍ഡീസ് മല്‍സരത്തിലും സഞ്‍ജു ഓപ്പണറായി. സിംബാവെയ്ക്കെതിരെ നേടിയ 24 റണ്‍സ് ചൂണ്ടിക്കാട്ടിയായിരുന്നു മുരളി കാർത്തികിന്‍റെ പ്രതികരണം.
റിങ്കു സിങിനെ പിന്തള്ളിയാണ് സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനിൽ ഇടം നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയും സഞ്ജു ഇറങ്ങിയതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും റിങ്കു സിങിന് പ്ലേയിങ് ഇലവനിൽ ഇടം നേടാൻ കഴിഞ്ഞില്ല. ഈ നീക്കത്തോട് തനിക്ക് യോജിപ്പില്ലെന്നും എന്തിനാണ് റിങ്കുവിനെ പുറത്താക്കിയതെന്നുമായിരുന്നു മുരളി കാര്‍ത്തികിന്‍റെ ചോദ്യം. ‘സഞ്ജുവിന്‍റെ 24-25 റൺസിൽ നിങ്ങൾ സന്തുഷ്ടനാണോ? ഇതിനായി നിങ്ങൾ അവനെ തിരഞ്ഞെടുത്തോ?’ എന്നാണ് ക്രിക്ക്ബസിൽ സംസാരിക്കവേ മുരളി കാര്‍ത്തിക് ചോദിച്ചത്.
‘സഞ്ജു സാംസണിന്‍റെ പരിചയസമ്പത്തും, കഴിവും കണക്കിലെടുക്കുമ്പോൾ അദ്ദേഹം വലിയ സ്കോറുകൾ നേടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടായിരിക്കും. 24-25 റൺസ് ആർക്കും വന്ന് നേടാനാകും. നമുക്ക് ധാരാളം കളിക്കാരുണ്ട്. കളിക്കാർ അദ്ദേഹത്തെ സംരക്ഷിക്കുകയാണ്, അത്തരത്തില്‍ സഞ്ജുവിനെ സംരക്ഷിക്കുന്നതിന് കുറഞ്ഞത് ഒരു നല്ല കാരണമെങ്കിലും നൽകുക. ഇത്തരത്തില്‍ സൂര്യകുമാർ യാദവ് 24-25 റൺസ് നേടിയാൽ നിങ്ങൾക്ക് മതിയാകുമോ?’ അദ്ദേഹം ചോദിച്ചു.
എന്നാല്‍ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു മുരളി കാര്‍ത്തികിന്‍റെ ചോദ്യങ്ങള്‍ക്ക് സഞ്ജു മറുപടി നല്‍കിയത്. 50 പന്തിൽ 97 റണ്‍സുമായി അവസാന ഓവര്‍ വരെ നിന്ന സഞ്ജുവായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ രക്ഷകന്‍. മൂന്നാം ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം സഞ്ജു സാംസൺ ആക്രമണം തുടങ്ങിയതോടെയാണ് ഇന്ത്യൻ സ്കോർ ബോർഡ് ചലിച്ചത്. ഓവറിലെ ആദ്യ അഞ്ച് പന്തിൽ 17 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് ഫോറും സിക്സും പറത്തി. 26 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചറി നേടി. ഇതോടെ സിംബാബ്‌വെയ്ക്ക് പിന്നാലെ വെസ്റ്റ് ഇൻഡീനെതിരെയും സഞ്ജുവിനെ കളിപ്പിക്കുകയെന്ന ഗംഭീറിന്‍റെ തീരുമാനം ചരിത്രമായി മാറി.
അതേസമയം, മുരളി കാര്‍ത്തികിന്‍റെ പ്രതികരണത്തിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയും പ്രതികരണവുമായി എത്തിയിരുന്നു. റൺസിനേക്കാൾ ഉപരി സഞ്ജു നൽകുന്ന ഇംപാക്ടിനാണ് ടീം മുൻഗണന നൽകുന്നതെന്ന് മനോജ് തിവാരി പറഞ്ഞു. ‘ഇന്ത്യൻ ടീം എത്ര റൺസ് നേടി എന്നതിനേക്കാൾ എങ്ങനെ കളിച്ചു എന്നതിനാണ് പ്രാധാന്യം നൽകുന്നത്. പവർപ്ലേയിൽ സഞ്ജു നൽകുന്ന വേഗത്തിലുള്ള തുടക്കം ടീമിന് ഗുണകരമാണ്. കഴിഞ്ഞ 10 ഇന്നിങ്സുകളിൽ റിങ്കു സിങിന്റെ സ്ട്രൈക്ക് റേറ്റ് കുറവായിരുന്നു. ആ സ്ഥാനത്ത് വരുന്ന സഞ്ജുവിന്റെ പ്രകടനത്തെ പോസിറ്റീവ് ആയി കാണണം’ തിവാരി കൂട്ടിച്ചേര്‍ത്തു.