sanju-samson-chahal

സോഷ്യല്‍ മീഡിയ വാളുകളില്‍ താരമായിരിക്കുകയാണ് സഞ്ജു സാംസണ്‍. ടി20 വേള്‍ഡ് കപ്പ് സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ വിജയ ശില്‍പി ആയതിന് പിന്നെലായാണ് സഞ്ജു ഓള്‍ ഇന്ത്യ ട്രെന്‍ഡില്‍ എത്തിയത്. 

ഇപ്പോള്‍ താരത്തിന്‍റെ മുന്‍ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സും സഹതാരം യൂസവേന്ദ്ര ചഹലും സഞ്ജുവിനൊപ്പമുള്ള റീല്‍ പങ്കുവച്ചിരിക്കുകയാണ്.  1991ല്‍ റിലീസായ മലയാളം സിനിമ 'കണ്‍കെട്ടി'ല്‍ മാമുക്കോയ അഭിനയിച്ച് ഹിറ്റാക്കിയ 'കീലേരി അച്ചു'വായാണ് റീലില്‍ ചഹല്‍ എത്തിയത്. 'എന്നെ എതിര്‍ക്കാന്‍ ആരുണ്ടെടാ' എന്ന് സഞ്ജുവിനെ മലയാളത്തില്‍ വെല്ലുവിളിച്ച ചഹലിനോട് 'ഞാനുണ്ടെടാ' എന്ന് പറ‍ഞ്ഞുവന്ന സഞ്ജുവിനെയാണ് റീലില്‍ കാണുന്നത്. പിന്നെ സഞ്ജുവിന്‍റെ തോളില്‍ കയ്യിട്ട് ചഹല്‍ ചോദിക്കുന്നത് 'ഞങ്ങളെ എതിര്‍ക്കാന്‍ ആരുണ്ടെടാ' എന്നാണ്. രണ്ട് വര്‍ഷം മുന്നേയുള്ള വിഡിയോ ആണ് രാജസ്ഥാന്‍ റോയല്‍സും ചഹലും വീണ്ടും സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ചിരിക്കുന്നത്. 

വെസ്റ്റിൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു, 50 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പിന്നാലെ സഞ്ജുവിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എം.മണി, കെ.കെ.ശൈലജ, മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ബേസില്‍ ജോസഫ് തുടങ്ങിയവരെത്തിയിരുന്നു. ആവേശത്തിലെ രംഗണ്ണനാക്കി സഞ്ജുവിന്‍റെ എഡിറ്റ് ചെയ്ത ചിത്രം പങ്കുവച്ച് 'ചേട്ടന്‍ അടിപൊളി' എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചത്. 

ENGLISH SUMMARY:

Sanju Samson is currently a social media sensation after his match-winning performance against the West Indies in the T20 World Cup Super 8s. A recent reel shared by his former IPL team, Rajasthan Royals, and teammate Yuzvendra Chahal, featuring a popular Malayalam movie dialogue, has further amplified his online presence.