വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ്‍യുടെ തമിഴക വെട്രി കഴകം വിസില്‍ ചിഹ്നത്തില്‍ മത്സരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് പാര്‍ട്ടിക്ക് ചിഹ്നം അനുവദിച്ചത്. 10 ചിഹ്നങ്ങള്‍ സമര്‍പ്പിച്ചതില്‍ നിന്നാണ് വിസില്‍ ചിഹ്നം അനുവദിച്ചത്. കമല്‍ ഹസന്‍റെ മക്കള്‍ നീതി മയ്യത്തിന് ബാറ്ററി ടോര്‍ച്ചാണ് ചിഹ്നം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ ചിഹ്നത്തിലാണ് എംഎന്‍എം മത്സരിച്ചത്.
വിസില്‍ ചിഹ്നം വിജയ് ആരാധകര്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പരിചിതമാണെന്ന് ടിവികെ നേതാവ് പറഞ്ഞു. 1966 ലും 1977 ലും അണ്ണാ ദുരൈയും എംജിആറും നേടിയ വിജയം ആവർത്തിച്ച് അധികാരം പിടിക്കാൻ കഴിയുമെന്ന് വിജയ് പ്രതീക്ഷിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ബിഗില്‍ എന്ന ചിത്രത്തിലെ വിസില്‍ ചിഹ്നത്തിന് പ്രാധാന്യമുണ്ട്. 300 കോടി രൂപ നേടിയ ചിത്രം വിജയ്‍യുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു. ചിത്രത്തിലെ 'കപ്പ് മുഖ്യം ബിഗിലെ' എന്ന പഞ്ച് ലൈന്‍ സിനിമയോടൊപ്പം തന്നെ ഹിറ്റായിരുന്നു.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെ പടിക്ക് പുറത്തുനിര്‍ത്തി ഡിഎംകെ; വിജയ്‍ക്ക് കൈ കൊടുക്കുമോ; ചര്‍ച്ച
തിരഞ്ഞെടുപ്പ് അടുത്തെങ്കിലും ഇതുവരെ ആരുമായും വിജയ്‍യുടെ പാര്‍ട്ടി സഖ്യത്തിലെത്തിയിട്ടില്ല. പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും സഖ്യകക്ഷിയായ ബിജെപിയും ടിവികെയെ എൻഡിഎ പക്ഷത്തെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഡിഎംകെയെ രാഷ്ട്രീയ ശത്രുവാണെന്നും ബിജെപി പ്രത്യയശാസ്ത്ര ശത്രുവാണെന്നുമാണ് വിജയ് വിശേഷിപ്പിക്കുന്നത്. ബിജെപിയുമായി നേരിട്ടോ അല്ലാതെയോ സഖ്യം ഇല്ലെന്നാണ് ടിവികെ നിലപാട്. അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യത്തിലായേക്കാം എന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.