Image Credit: X

Image Credit: X

മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐ‍ഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ ഒ.പനീര്‍സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തൊരുക്കിയ വന്‍ സ്വീകരണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പനീര്‍സെല്‍വത്തിന് പുറമെ മകനും മുന്‍ എംപിയുമായ രവീന്ദ്രനാഥും ഉസലംപെട്ടി എംഎല്‍എ അയ്യപ്പനും ഡിഎംകെയില്‍ ചേര്‍ന്നിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പനീര്‍സെല്‍വത്തിന്റെ കൂടുമാറ്റം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. തേനിയിലെ ബോഡിമെട്ടില്‍ നിന്ന് പനീര്‍സെല്‍വം മല്‍സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഎംകെ നേതൃത്വവുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് പനീര്‍സെല്‍വം ഡിഎംകെയില്‍ എത്തിയത്. മന്ത്രി പി.കെ.ശേകര്‍ ബാബുവാണ് ചര്‍ച്ചകള്‍ ഏകോപിപ്പിച്ചത്.

തെക്കന്‍ തമിഴിനാട്ടില്‍ ഡിഎംകെയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ പ്രത്യേകിച്ചും, തേവര്‍ സമുദായത്തിനിടയിലെ വോട്ടുകൂട്ടാന്‍ പനീര്‍സെല്‍വത്തിന്‍റെ വരവ് സഹായിക്കുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തല്‍.

ഡിഎംകെയില്‍ ചേര്‍ന്നതിന് പിന്നാലെ എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പനീര്‍സെല്‍വം ഉയര്‍ത്തി. എടപ്പാടിയുടെ ധാര്‍ഷ്ട്യവും ഏകാധിപത്യവുമാണ് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് ജയം നേടുന്നതിന് തടസമെന്നും പാര്‍ട്ടിയുടെ അന്ത്യവും പളനിസ്വാമി കുറിക്കുമെന്നും പനീര്‍സെല്‍വം തുറന്നടിച്ചു. ക്ഷേമ ഭരണമാണ് സ്റ്റാലിന്‍ നടത്തുന്നതെന്നും അത് തമിഴ്നാട്ടില്‍ കാണാനുണ്ടെന്നും പനീര്‍സെല്‍വം പ്രശംസിച്ചു.

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട  പനീര്‍സെല്‍വം സ്വന്തം നിലയ്ക്ക് പാര്‍ട്ടി രൂപീകരിച്ചിരുന്നു. ജയലളിതയുടെ പാരമ്പര്യം തനിക്കുണ്ടെന്ന് പനീര്‍സെല്‍വം അവകാശപ്പെട്ടിരുന്നവെങ്കിലും തിരഞ്ഞെടുപ്പില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ എഐഎഡിഎംകെയിലേക്ക് മടങ്ങിപ്പോകാന്‍ പനീര്‍സെല്‍വം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി എടപ്പാടി പളനിസ്വാമിയെ മൂത്ത സഹോദരന്‍ എന്നെല്ലാം വിശേഷിപ്പിക്കുകയും ചെയ്തു. പക്ഷേ എടപ്പാടി പളനിസ്വാമി വഴങ്ങിയില്ല.

ENGLISH SUMMARY:

In a historic political shift, former Tamil Nadu Chief Minister O. Panneerselvam (OPS) has officially joined the DMK. He was welcomed by Chief Minister M.K. Stalin at the DMK headquarters in Chennai, alongside his son Ravindranath and MLA Ayyappan. The move comes ahead of the Tamil Nadu Assembly elections, where OPS is expected to contest from the Bodinayakkanur constituency. This alliance is seen as a strategic masterstroke by the DMK to consolidate the Thevar community votes in South Tamil Nadu. OPS lashed out at Edappadi K. Palaniswami (EPS), blaming his "dictatorial" style for the decline of the AIADMK. Having failed to reclaim his position in his parent party, OPS has now pledged his loyalty to Stalin's welfare governance.