തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായി സഹകരിച്ച് ബിജെപി. അമരാവതിയിലെ അചല്‍പുര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ വിവിധ കമ്മിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിലാണ് അപ്രതീക്ഷിത കൂട്ടുകെട്ട് പിറന്നത്. അക്കോട്ടിൽ എഐഎംഐഎമ്മുമായും അംബർനാഥ് മുനിസിപ്പൽ കൗണ്‍സിലില്‍ കോൺഗ്രസുമായും ബിജെപി സമാനമായ സഖ്യങ്ങളുണ്ടാക്കിയിരുന്നു.
മുംബൈയില്‍ ട്വിസ്റ്റ്; ബിജെപി ഭരണം പാളുമോ എന്ന് ആശങ്ക; കൗണ്‍സിലര്‍മാര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍
അചല്‍പുരിലെ 41 സീറ്റില്‍ 15 എണ്ണത്തില്‍ കോണ്‍ഗ്രസിനാണ് വിജയം. ഒന്‍പതിടത്ത് ബിജെപിയും മൂന്നിടത്ത് എഐഎംഐഎമ്മും പത്തിടത്ത് സ്വതന്ത്രരും ജയിച്ചു. പ്രഹര്‍ ജനശക്തി പാര്‍ട്ടിക്കും എന്‍സിപിയും രണ്ട് വീതം കൗണ്‍സിലര്‍മാരുണ്ട്. അചല്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ പ്രസിഡന്‍റ് സ്ഥാനം ബിജെപിയും ഡെപ്യൂട്ടി സ്ഥാനത്തേക്ക് കോണ്‍ഗ്രസും ജയിച്ചു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് അവിശുദ്ധ കൂട്ടുകെട്ടുണ്ടായത്.
സഖ്യത്തിന് കീഴിൽ വിദ്യാഭ്യാസ, കായിക കമ്മിറ്റിയുടെ ചെയർമാനായി എഐഎംഐഎം കൗൺസിലറെ എതിരില്ലാതെ തിരഞ്ഞെടുത്തു. ജലവിതരണ കമ്മിറ്റി കോൺഗ്രസിന് കിട്ടിയപ്പോള്‍ വനിതാ-ശിശുക്ഷേമ കമ്മിറ്റിയുടെ തലപ്പത്ത് ബിജെപി കൗൺസിലറാണ്. എന്നാല്‍ എഐഎംഐഎമ്മുമായി സഖ്യത്തിലില്ലെന്ന് ബിജെപി വിശദീകരിച്ചു.
രണ്ട് കൗൺസിലർമാരുള്ള എൻസിപി എഐഎംഐഎമ്മുമായി സഖ്യത്തിലാണെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ ബിജെപി പിന്തുണയുള്ള പാനലിന് ഈ സഖ്യം പിന്തുണ നൽകിയതാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശിവ്‌റായ് കുൽക്കർണി പറഞ്ഞു. എഐഎംഐഎമ്മുമായി ബിജെപി നേരിട്ട് ഒരു സഖ്യത്തിലുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അകോള ജില്ലയിലെ അകോട്ട് മുനിസിപ്പൽ കൗൺസിലിൽ ബിജെപി എഐഎംഐഎമ്മുമായി സഖ്യത്തിലെത്തിയിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‍്നാവിസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സഖ്യം അവസാനിപ്പിക്കുകയായിരുന്നു. അബേര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലില്‍ ശിവസേനയെ പുറത്തിരുത്താന്‍ ബിജെപിയും കോണ്‍ഗ്രസുമാണ് ഒന്നിച്ചത്. ഇതോടെ കോണ്‍ഗ്രസ് 12 കൗണ്‍സിലര്‍മാരെ പുറത്താക്കി. ഇവരെല്ലാം പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.