george-kurian-01

കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. പ്രമുഖരെ രംഗത്തിറക്കി മധ്യ കേരളത്തിൽ പരമാവധി വോട്ട് നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ജോർജ് കുര്യന്റെ കാലാവധി ഈ ജൂണിൽ അവസാനിക്കും. 

കഴിഞ്ഞ തവണ അൽഫോൻസ് കണ്ണന്താനത്തെ കാഞ്ഞിരപ്പള്ളിയിൽ പരീക്ഷിച്ചെങ്കിലും മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു. ക്രിസ്ത്യൻ സമുദായത്തിന്റെ വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ജോർജ് കുര്യനെ രംഗത്തിറക്കുന്നത്. പൂഞ്ഞാറിൽ പി.സി.ജോർജ്, പാലയിൽ ഷോൺ ജോർജ് എന്നിവരും ബിജെപിക്കായി മത്സരിക്കും. 2020 ലെ ബിഡിജെഎസ് സഖ്യത്തിനു ശേഷം മധ്യകേരളത്തിൽ വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.

അതേസമയം, എന്‍ഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ആറിനോ ഏഴിനോ കൊച്ചിയിലെത്തും. ബി.ജെ.പി മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുന്ന മോദി വിവിധ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. മോദിയുടെ വരവും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി സംസ്ഥാന നേതൃയോഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരും. നവീകരിച്ച സ്റ്റേഷനുകളുടെ ഉദ്ഘാടനം അടക്കം റെയില്‍വേയുടെ വിവിധ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും.

ENGLISH SUMMARY:

Union Minister George Kurian will contest in the upcoming Assembly elections. The party leadership has recommended that he contest from Kanjirappally. By fielding prominent leaders, the BJP aims to secure maximum votes in Central Kerala. The Rajya Sabha term of George Kurian, who represents Madhya Pradesh, ends this June.