മുംബൈയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ കൗണ്‍സിലര്‍മാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി ശിവസേന. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നടക്കുന്ന വലിയ വിലപേശലിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ശിവസേന ടിക്കറ്റില്‍ ജയിച്ച 29 കൗണ്‍സിലര്‍മാരോട് മുംബൈയിലെ താജ് ലാന്‍ഡ് എന്‍ഡ് ഹോട്ടലില്‍ എത്താനാണ് നിര്‍ദ്ദേശം നല്‍കിയത്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത മുംബൈയില്‍ 29 അംഗങ്ങളുള്ള ശിവസേന നിര്‍ണായകമാണ്.
227അംഗ കോര്‍പ്പറേഷനില്‍ 114 സീറ്റാണ് കേവലഭൂരിപക്ഷം. 89 സീറ്റിലാണ് ബിജെപി ജയിച്ചത്. ശിവസേനയ്ക്ക് 29 സീറ്റുണ്ട്. ഇരുവരും ചേര്‍ന്നാല്‍ ഭരിക്കേണ്ട ഭൂരിപക്ഷമാകും. ഒറ്റയ്ക്ക് മത്സരിച്ച അജിത് പവാറിന്‍റെ എന്‍സിപി മൂന്നു സീറ്റില്‍ ജയിച്ചിട്ടുണ്ട്. ഉദ്ധത് താക്കറെ ശിവസേനയ്ക്ക് 65 സീറ്റാണ് ലഭിച്ചത്. മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയ്ക്ക് ആറും ശരത് പവാര്‍ എന്‍സിപിക്ക് ഒരു സീറ്റും ലഭിച്ചു. ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് 24 സീറ്റുണ്ട്. എഐഎംഐഎമ്മിന് എട്ടും സമാജ്‌വാദി പാര്‍ട്ടിക്ക് രണ്ടും സീറ്റുണ്ട്.
പ്രതിപക്ഷം ഒന്നിച്ചാല്‍ 106 പേരാകും, ഭൂരിപക്ഷത്തിന് എട്ടു പേരുടെ കുറവ്. എല്ലാവരും ഒന്നിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഒന്നിച്ചാല്‍ ബിജെപി ഭരണത്തെ പുറത്താക്കാന്‍ മഹായുതിയില്‍ നിന്നുള്ള എട്ടുപേരുടെ പിന്തുണ മതിയാകും. ഇതാണ് റിസ്കെടുക്കാതെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റിയതിന് കാരണം. വര്‍ഷങ്ങളായി ശിവസേന ഭരിക്കുന്ന മുംബൈയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ താക്കറെ വിഭാഗം നടത്തുന്ന പ്രസ്താവനകളും കുതിരക്കച്ചവടത്തിന്‍റെ സാധ്യത തുറന്നിടുന്നു.
ശിവസേന മുംബൈയ്ക്ക് 23 മറാത്തി മേയര്‍മാരെ നല്‍കി. ആ പാരമ്പര്യം ഇപ്പോള്‍ തുടരുമോ എന്നാണ് സ്മാനയിലെ എഡിറ്റോറിയയില്‍ ഉദ്ധവ് വിഭാഗം എഴുതിയത്. മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു ഫലം വന്നു എന്നാല്‍ യഥാര്‍ഥ രാഷ്ട്രീയം വരാനിക്കുന്നേയുള്ളൂ എന്നാണ് എഡിറ്റോറിയയിലെ മറ്റൊരു പരാമര്‍ശം. മുംബൈയില്‍ ശിവസേന ഉദ്ധവ് വിഭാഗത്തിന്‍റെ േമയര്‍ എന്നത് തന്‍റെ സ്വപ്നമായിരുന്നു എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ദൈവം അനുവദിച്ചാല്‍ ഈ സ്വപ്നം നടക്കും എന്നും ഉദ്ധവ് പറഞ്ഞിരുന്നു.