Nagpur: Congress workers celebrate their party candidates victory in the NMC elections, in Nagpur, Friday, Jan. 16, 2026. (PTI Photo)
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയപ്പോഴും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് വിസ്മയം. മുബൈ മുനസിപ്പല്‍ കോര്‍പ്പറേഷനില്‍ പിന്നോട്ട് പോയെങ്കിലും സംസ്ഥാനത്തെ ആകെ പ്രകടനം പാര്‍ട്ടിക്ക് തിരിച്ചുവരവിന്‍റേതാണ്. ഇത്തവണ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ആകെ 2869 സീറ്റുകളില്‍ 528 എണ്ണത്തില്‍ മത്സരിച്ച പാര്‍ട്ടിക്ക് 350 സീറ്റില്‍ വിജയിക്കാനായി. മുംബൈയില്‍ ബിജെപി ഭരണം പിടിച്ചെങ്കിലും സീറ്റെണ്ണത്തില്‍ നാലാമതാണ് കോണ്‍ഗ്രസ്.
മുംബൈയിലെ 227 സീറ്റില്‍ 167 ഇടത്താണ് കോണ്‍ഗ്രസ് മത്സരിച്ചത്. താനെയില്‍ 101 ഇടത്തും പൂണെയില്‍ 100 ഇടത്തും മത്സരിച്ചു. പിംപ്രി-ചിചവാഡില് 60 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുണ്ടായിരുന്നത്. അഞ്ചിടത്ത് ഭരണം നേടാനും 10 ഇടത്ത് ഭരണത്തില്‍ പങ്കാളിയാവുകയും ചെയ്യും എന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
ഭിവന്‍ഡി നിസാംപുര്‍, ലാത്തൂര്‍, അമരാവതി, കോലാപുര്‍, ചന്ദ്രപുര്‍ എന്നിവിടങ്ങളിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസ് ഭരണം നേടി. ശിവസേന ഉദ്ധവ് വിഭാഗത്തിന് കൂടുതല്‍ സീറ്റുള്ള പ്രഭാണിയില്‍ ഭരണത്തില്‍ പങ്കാളിയാകാന്‍ സാധിക്കും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 1999 ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങുന്നത്.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എന്‍സിപി ശരത്പവാര്‍ വിഭാഗം എന്നിവരുള്‍പ്പെടുന്ന മഹാവികാസ് അഘാഡി ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി കൈകോര്‍ത്തതും ശരത് പവാര്‍ ബിജെപി സഖ്യകക്ഷിയായ അജിത്പവാറിനൊപ്പം ചേര്‍ന്നതുമാണ് കോണ്‍ഗ്രസിനെ ഒറ്റയ്ക്ക് കളത്തിലിറക്കിയത്. ബിജെപി സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി ബിജെപിക്ക് എതിരെ മത്സരിച്ച അജിത് പവാറിന്‍റെ തന്ത്രം പൂര്‍ണമായും തിരിച്ചടിച്ചു. ശക്തി കേന്ദ്രമായ പൂണെയിലും പിംപ്രി-ചിച്വാഡിലും പവാര്‍ കുടുംബം നിലംതൊട്ടില്ല. രണ്ടാം തവണയും രണ്ടിടത്തും ബിജെപിക്കാണ് ഭരണം.