നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ആറ്റുകാല്‍ പൊങ്കാല നടത്തിപ്പിന്‍റെ ക്രഡിറ്റിനെ ചൊല്ലി ബിജെപി, സി.പി.എം തര്‍ക്കം. പൊങ്കാലയ്ക്ക് ശേഷമുള്ള ശൂചീകരണ പ്രവര്‍ത്തനം ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം മേയര്‍ വി.വി രാജേഷ് നിര്‍വ്വഹിച്ചതിന് പുറമെ സ്പെന്‍സര്‍ ജംക്ഷനില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ വക പ്രത്യേക ഉദ്ഘാടനം. പൊങ്കാല നടത്തിപ്പില്‍ തനിക്കാണ് അനുഭവ പരിചയം കൂടുതലെന്ന് മന്ത്രി അവകാശപ്പെട്ടു. ശിവന്‍കുട്ടി നേതാവാകും മുമ്പേ പൊങ്കാലയുണ്ടെന്ന് മേയറുടെ മറുപടി.
കോര്‍പറേഷന്‍ ഭരണം ബിജെപി പിടിച്ച ശേഷമുള്ള ആദ്യ ആറ്റുകാല്‍ പൊങ്കാല. ഒപ്പം നിയമസഭ തിരഞ്ഞെടുപ്പും. പൊങ്കാല നടത്തിപ്പിന്‍റെ പ്രധാനികള്‍ തങ്ങളാണെന്ന് മേനി നടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മത്സരം സ്വഭാവികമാണ്. പക്ഷെ, പരിധി വിട്ട് സമാന്തര ശുചീകരണ പ്രവര്‍ത്തന ഉദ്ഘാടനം വരെ എത്തി ഈ രാഷ്ട്രീയ വടംവലി. ശുചീകരണത്തിന്‍റെ ഉത്തരവാദിത്തം കോര്‍പറേഷനാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം മേയറായിരുന്നു അതിന് ചുക്കാന്‍ പിടിച്ചത്. ഇത്തവണ ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം മേയര്‍ കോര്‍പറേഷന്‍റെ ശുചീകരണം യജ്ഞം ഉദ്ഘാടനം ചെയ്തു. ഇതിന് പുറമെയാണ് സ്പെന്‍സര്‍ ജംക്ഷനില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രത്യേക ഉദ്ഘാടനം. മേയറുടെ ഉദ്ഘാടനത്തിന് പുറമെ മറ്റൊരു ഉദ്ഘാടനം എന്തിനെന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇങ്ങനെ.
ആറ്റുകാല്‍ പൊങ്കാല തുടങ്ങിയത് ശിവന്‍കുട്ടി നേതാവായ ശേഷമല്ലെന്ന് മേയര്‍ വിവി രാജേഷിന്‍റെ മറുപടി. ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങള്‍ തുടങ്ങിയത് മുതല്‍ സി.പി.എം ബിജെപി നിഴല്‍ യുദ്ധം ആരംഭിച്ചിരുന്നു. കുടിവെള്ള പ്രതിസന്ധിയായിരുന്നു തുടക്കം. പൊങ്കാലയുടെ ഒരുക്കങ്ങള്‍ അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വാട്ടര്‍ അതോറിറ്റിക്കെതിരെ ബിജെപിയുടെ ആരോപണം. പിന്നാലെയാണ് ശൂചീകരണത്തെ ചൊല്ലിയുള്ള ക്രഡിറ്റ് തര്‍ക്കം. വരും ദിവസങ്ങളിലും ഇതേച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ തുടരാനാണ് സാധ്യത.