Image Credits: Facebook/പച്ചകൊടിയുടെ തണലിൽ
ആര്‍എസ്എസ് തട്ടകമായ നാഗ്പുരില്‍ മുസ്‌ലിം ലീഗിന് മിന്നും ജയം. കോര്‍പ്പറേഷനിലെ 16 സീറ്റില്‍ മത്സരിച്ച ലീഗ് നാലു സീറ്റില്‍ ജയിച്ചു. സംസ്ഥാന പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ് പാട്ടിൽ, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്. കോണി ചിഹ്‌നത്തിൽ മത്സരിച്ചാണ് നാലു സ്ഥാനാർഥികളും വിജയിച്ചത്.
151 അംഗങ്ങളുള്ള കോര്‍പ്പറേഷനില്‍ 102 സീറ്റിലും ജയിച്ച ബിജെപി നാഗ്പുരില്‍ ഭരണം നിലനിര്‍ത്തി. മഹായുതിയുടെ ഭാഗമായ ശിവസേനയ്ക്ക് ഒരു സീറ്റ് ലഭിച്ചു. 34 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഉദ്ധവ് താക്കറെ വിഭാഗത്തിന് രണ്ടും എഐഎംഐഎമ്മിന് ആറു സീറ്റും ലഭിച്ചു.
മഹാരാഷ്ട്ര കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുസ്‍ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ എഐഎംഐഎം വലിയ നേട്ടമുണ്ടാക്കി. ഛത്രപതി സംഭാജിനഗർ മുനിസിപ്പൽ കോർപ്പറേഷനില്‍ 33 സീറ്റ് ജയിച്ച പാര്‍ട്ടി രണ്ടാമത്തെ വലിയ കക്ഷിയായി. 114 സീറ്റില്‍ മുന്നേറ്റമുണ്ടാക്കിയതായി പാര്‍ട്ടി വ്യക്തമാക്കി.
അമരാവതിയില്‍ 15 സീറ്റിലും മാലേഗാവില്‍ 21 സീറ്റിലും നാന്ദേഡ് വാഘലയില്‍ 14 സീറ്റും എഐഎംഐഎം മുന്നിലാണ്. മുംബൈയില്‍ ആറിടത്തും താനെയില്‍ അഞ്ചിടത്തും എഐഎംഐഎമ്മിന് ജയിക്കാനായി. മുംബൈയില്‍ കോണ്‍ഗ്രസ് വോട്ടിന് വിള്ളലുണ്ടാക്കാനും എഐഎംഐഎമ്മിന് കഴിഞ്ഞു.
അതേസമയം, മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് ഉജ്ജ്വല വിജയമാണ്. 29 കോർപ്പറേഷനുകളിൽ 20–ലും ബിജെപി നേതൃത്വം നൽകുന്ന മഹായുതി വിജയിച്ചു. രണ്ടര പതിറ്റാണ്ടായി ശിവസേനയുടെയും താക്കറെ കുടുംബത്തിന്റെയും കുത്തകയായിരുന്ന മുംബൈ കോർപറേഷനിൽ ബിജെപി ഭരണം ഉറപ്പിച്ചു.