53 വര്‍ഷം മുന്‍പ് ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച 'നെഹ്റു യുവ കേന്ദ്ര സംഘതന്‍റെ' പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍. എന്‍വൈകെഎസില്‍ നിന്നും നെഹ്റുവിനെയാണ് വെട്ടിയത്. ഇനി മുതല്‍ 'മേരാ യുവ ഭാരത്' എന്നാവും പദ്ധതി അറിയപ്പെടുക. 2017 ല്‍ ഔദ്യോഗികമായി നെഹ്റു യുവകേന്ദ്രയുടെ പേരുമാറ്റുന്നത് സംബന്ധിച്ച നീക്കം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. 2023 ല്‍ പേരുമാറ്റത്തിന് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും ഇന്നലെയാണ് ഇത് പ്രാബല്യത്തില്‍ വന്നത്.
സ്വാതന്ത്ര്യത്തിന്‍റെ 25–ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് 1972 ല്‍ യുവജന കാര്യ മന്ത്രാലയത്തിന്‍റെ കീഴില്‍ നെഹ്റു യുവ കേന്ദ്രം പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രാമങ്ങളിലെ യുവാക്കളുടെ വ്യക്തിത്വ വികസനത്തിലടക്കം വലിയ മാറ്റമാണ് അരനൂറ്റാണ്ടിലേറെയായി പദ്ധതി കൊണ്ടുവന്നത്. രാജ്യത്തെ 42 ജില്ലകളിലായി ആദ്യം തുടങ്ങിയ നെഹ്റു യുവ കേന്ദ്രങ്ങള്‍ 1987 ആയപ്പോള്‍ 311 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. രാജീവ് ഗാന്ധി സര്‍ക്കാര്‍ ഇതിനെ സ്വയംഭരണാവകാശമുള്ള സൊസൈറ്റിയായി പ്രഖ്യാപിക്കുകയും ചെയ്തു.
2017 ല്‍ പേരുമാറ്റം നിര്‍ദേശിച്ചപ്പോള്‍ നാഷനല്‍ യുവ കേന്ദ്ര സംഘതാന്‍ എന്നാക്കാനായിരുന്നു തീരുമാനം. ഇതാണ് ഇപ്പോള്‍ മേരാ യുവ ഭാരത് ആയത്. പേരുമാറ്റം സംബന്ധിച്ച അറിയിപ്പ് യുവ കേന്ദ്ര കോഓര്‍ഡിനേറ്റര്‍മാര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കും കൈമാറി. എന്‍വൈകെ ഔദ്യോഗിക വെബ്സൈറ്റില്‍ മേരാ യുവ ഭാരത് എന്ന് മാറ്റിയിട്ടുണ്ട്.