കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. വലിയ പരിസ്ഥിതി പ്രശ്നങ്ങളുണ്ടെന്നും പദ്ധതി പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഒരിക്കല്‍ കൂടി പരിഗണിക്കാന്‍ തയാറാണെന്ന് സഭയെ അറിയിച്ചു. ഹൈ സ്പീഡ് പദ്ധതിയും പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി, ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്നമാണെന്നും 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ കഴിഞ്ഞതെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

റെയില്‍വേ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണം കുറവാണെന്ന് ആരോപിച്ച കേന്ദ്രമന്ത്രി ശബരിപാതയ്ക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തത് റയില്‍വേയുടെ പ്രേരണ മൂലമാണെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പാകാം കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭൂമി ആദ്യം ഏറ്റെടുക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അഞ്ചര വര്‍ഷമായിട്ടും അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ആ ഡിപിആര്‍ നിരസിച്ചിട്ടുമുണ്ടായിരുന്നില്ല. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ 4 (1) വകുപ്പു പ്രകാരമാണു സാമൂഹികാഘാത പഠനത്തിനു 2022 ൽ സർക്കാർ ആദ്യത്തെ വിജ്ഞാപനമിറക്കിയത്. 3 മാസത്തിനകം പഠനം തീർക്കണമെന്നു മാത്രമാണ് അതിൽ പരാമർശിക്കുന്നത്. പരമാവധി 6 മാസത്തിനകം പഠനം തീർത്താൽ മതിയെന്നു നിയമത്തിലുള്ളതിനാൽ എസ്ഐഎ ഏജൻസികൾക്കു സമയം നീട്ടിനൽകിയിരുന്നു. എന്നാൽ 6 മാസം കഴിഞ്ഞും സാമൂഹികാഘാത പഠനം പൂർത്തിയായില്ലെങ്കിൽ ഇതിനായി ഇറക്കിയ വിജ്ഞാപനത്തിന് എന്തു സംഭവിക്കുമെന്നു നിയമത്തിലെ 4(1) വകുപ്പിൽ കൃത്യമായി പറയുന്നില്ല.

അതേസമയം, നിയമത്തിലെ വകുപ്പ് 14ൽ മറ്റൊരു കാര്യം പറയുന്നുണ്ട്. അത് എസ്ഐഎ റിപ്പോർട്ട് റദ്ദാകുന്നതിനെക്കുറിച്ചാണ്. എസ്ഐഎ റിപ്പോർട്ട് വിദഗ്ധ സമിതി അംഗീകരിച്ചു സമർപ്പിച്ചാൽ, ഭൂമിയേറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം 12 മാസത്തിനകം പുറപ്പെടുവിക്കണമെന്നാണ് ഈ വ്യവസ്ഥ. ഇല്ലെങ്കിൽ എസ്ഐഎ റിപ്പോർട്ട് റദ്ദാകും. സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ എസ്ഐഎ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ആ സാഹചര്യത്തിൽ റിപ്പോർട്ട് റദ്ദാകുന്നതിനുള്ള വ്യവസ്ഥ ഇവിടെ ബാധകമാകുമോ എന്നതിലും സംശയമുണ്ട്. 

ENGLISH SUMMARY:

In a significant turn of events, the Central Government has expressed willingness to re-examine the SilverLine semi-high-speed rail project in Kerala. Railway Minister Ashwini Vaishnaw informed the Rajya Sabha that while environmental concerns and land acquisition remain major hurdles, the Centre is open to reconsidering the proposal if the state government provides full support. He noted that only 14% of the required land has been acquired so far and emphasized that land acquisition is the primary responsibility of the state. The Minister also suggested that a high-speed rail alternative could be explored. Despite the DPR being submitted years ago, the Centre had neither approved nor rejected it until now. This development comes amid ongoing debates regarding the Social Impact Assessment (SIA) and legal complexities in land acquisition laws. Stay updated on the latest news regarding K-Rail, Kerala's infrastructure development, and the Centre-State dialogue on railway projects. Follow for expert analysis and live updates from the Parliament sessions.