കെഎസ്ഇബിയുടെ എറണാകുളം പോത്താനിക്കാട് ഇലക്ട്രിക്കൽ സെക്‌ഷനിൽ വൻ ക്രമക്കേടും അഴിമതിയും. വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ പി.ജി.ഗണേഷ് കുമാർ, സബ് എൻജിനീയർ കെ.വി.ഗിരീഷ്, ഇലക്ട്രിസിറ്റി വർക്കർ കെ.എം.എൽദോ എന്നിവരാണ് സസ്പെൻഷനിലായത്. ഗണേഷ് കുമാർ ഓഫിസർമാരുടെയും ഗിരീഷ് വർക്കർമാരുടെയും ഇടതുപക്ഷ സംഘടനകളുടെ നേതാക്കളാണ്.
സെക്‌ഷൻ പരിധിയിൽ ദീർഘകാലമായി പണമടയ്ക്കുകയോ ജോലികൾ നടത്തുകയോ ചെയ്യാത്ത ഡിപ്പോസിറ്റ് വർക്കുകളുടെ കാരണം കണ്ടെത്താൻ മൂവാറ്റുപുഴ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതോടെയാണ് കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫിസറോട് അന്വേഷണത്തിന് ആവശ്യപ്പെട്ടത്.
ഉപഭോക്താവിൽ നിന്ന് വാങ്ങിയ തുക കെഎസ്ഇബിയിൽ അടയ്ക്കാതിരിക്കുക അനധികൃത കണക്ഷൻ അനുവദിക്കുക തുടങ്ങി ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. കെഎസ്ഇബിക്കു വിവിധ ഇനങ്ങളിൽ ഉണ്ടായ നഷ്ടവും സെക്‌ഷനിൽ നടന്ന അഴിമതികളും അന്വേഷിക്കാൻ സംസ്ഥാന വിജിലൻസിന് പരാതി കൈമാറിയേക്കും.