റാപ്പിഡ് റെയില്‍ പദ്ധതിയുമായി കേരളം മുന്നോട്ടെന്ന് സൂചന. പദ്ധതിക്ക് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര ഭവന–നഗര കാര്യാലയ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനാണ് മുഖ്യമന്ത്രി കത്തയച്ചത്. ജനുവരി 28ന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പ്രപ്പോസലിന്‍റെ പകര്‍പ്പ് സഹിതമാണ് കത്ത്.
ജനസാന്ദ്രത കണക്കിലെടുത്തും നഗരവല്‍ക്കരണത്തിന്‍റെ തോത് പരിഗണിച്ചും സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കാന്‍ അനുമതി നല്‍കണമെന്നാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാഹന സാന്ദ്രതയേറിയതോടെ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദമേറുകയാണെന്നും ഗതാഗതക്കുരുക്ക് ഒരളവ് വരെ പരിഹരിക്കാനും വര്‍ധിച്ച് വരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാനും റെയില്‍ പദ്ധതി സഹായിക്കുമെന്നാണ് കത്തില്‍ പറയുന്നത്. പദ്ധതി നിലവില്‍ വരുന്നത് പരിസ്ഥിതിക്ക് നല്ലതാണെന്നും കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് കുറയ്ക്കാന്‍ കഴിയുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹി–മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴി സംസ്ഥാനം വിശദമായി പഠിച്ചുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് അതിവേഗ റെയില്‍പാതയെന്ന ആശയം മുന്നോട്ട് വയ്ക്കുന്നതെന്നും കത്തില്‍ പറയുന്നു. കേരളത്തിന്‍റെ ഭൂമിശാസ്ത്രപരപവും ജനസംഖ്യാപരവുമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് പദ്ധതിക്ക് അനുമതി നല്‍കണം.. കൊച്ചി മെട്രോ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പദ്ധതികള്‍ക്ക് വൈകാതെ തുടക്കമാകുമെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. റാപിഡ് റെയില്‍ നടപ്പിലാക്കുന്നതിനായുള്ള പഠനത്തിനും ചട്ടക്കൂട് തയ്യാറാക്കുന്നതിനും അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.