കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുദേവ ദര്‍ശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാനാണ് ശ്രമം. വിദ്യാദ്യാസ രംഗം കലുഷിതമാക്കുന്നത് ഗുരുവിന്‍റെ വിദ്യാഭ്യാസ ചിന്തയെ ധിക്കരിക്കലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

‘അധികാരം ഉപയോഗിച്ച് അശാസ്ത്രീയതയും അസംബന്ധവും പഠിപ്പിച്ച് കുട്ടികളെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. ഭരദ്വാജ് മഹർഷി വിമാനം കണ്ടു പിടിച്ചു എന്ന് പഠിപ്പിക്കുന്നു. ധൃതരാഷ്ടർക്ക് യുദ്ധം പറഞ്ഞു കൊടുക്കാൻ ടിവി കണ്ടു പിടിച്ചു എന്ന് പഠിപ്പിക്കുന്നു. വിദ്യാദ്യാസ രംഗം ഇത്തരത്തിൽ കലുഷിതമാക്കിയിരിക്കുന്നു’ മുഖ്യമന്ത്രി പറഞ്ഞു.

‘അന്ധവിശ്വാസത്തിനെതിരെ പോരാടിയ ഗുരുവിന്‍റെ യുക്തിപൂർണമായ വിദ്യാഭ്യാസ ചിന്തയെ ധിക്കരിക്കലാണിത്. പ്രത്യേക മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള രാജ്യം വേണമെന്ന് ആവശ്യപ്പെടുന്നവർ ഗുരു നിന്ദയാണ് നടത്തുന്നത്. അങ്ങനെയുള്ള ശക്തികൾ ഇവിടെയുണ്ട്. ഗുരുദേവ ദർശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാൻ ചിലർ ശ്രമം നടത്തുന്നു. അതിനെതിരെ ജാഗ്രത പാലിക്കണം’ മുഖ്യമന്ത്രി പറയുന്നു.

അതേസമയം, ശിവഗിരി തീർത്ഥാടന സമ്മേളന വേദിയിയില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി വിജയന്‍ ഹസ്തദാനം നല്‍കി. ബുൾഡോസർ രാജ് വിവാദത്തിനു ശേഷം ആദ്യമായിട്ടാണ് ഇരുവരും വേദി പങ്കിടുന്നത്. വിഷയത്തില്‍ പിണറായി വിജയൻ കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ശിവഗിരിയിലെ പ്രസംഗത്തില്‍ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചെങ്കിലും ബുൾഡോസർ രാജിനെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. കർണാടക മുഖ്യമന്ത്രി പ്രസംഗിക്കും മുമ്പേ അദ്ദേഹം വേദി വിടുകയും ചെയ്തു. മന്ത്രിസഭായോഗമുള്ളതിനാല്‍ നേരത്തെ പോകുന്നു എന്നായിരുന്നു വിശദീകരണം.

ENGLISH SUMMARY:

Chief Minister Pinarayi Vijayan launched a scathing attack on the National Education Policy (NEP) while inaugurating the Sivagiri Pilgrimage conference, accusing the Centre of attempting to "hijack and distort" the teachings of Sree Narayana Guru. He alleged that the current education system is being "polluted" with unscientific myths—such as claims that Sage Bharadwaj invented the airplane—which he argued leads children centuries backward. Pinarayi emphasized that those demanding a nation based on a specific religion are insulting Guru's rationalist thoughts, and he urged devotees to remain vigilant against forces trying to twist Gurudevan's vision for political gain.