ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക. ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെയാണ് ഗുരുതര ആരോപണം.  അഞ്ചുവര്‍ഷം മുന്‍പ് ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക  മറന്നുവച്ചതായി പരാതി. അഞ്ച് വർഷം മുൻപ് ഗർഭപാത്രം നീക്കം ചെയ്ത പുന്നപ്ര തെക്ക് നാൽപ്പതിൽ ചിറയിൽ ഉഷ ജോസഫിന്റെ (51) വയറ്റിലാണ് എക്സ്റേ എടുത്തപ്പോൾ കത്രിക കണ്ടത്.  കഠിനമായ വയറുവേദനയ്ക്ക് പലയിടത്ത് ചികില്‍സതേടിയെങ്കിലും പരിഹാരം കണ്ടെത്തിയില്ല. മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് മടക്കിഅയച്ചു. കത്രിക കണ്ടെത്തിയത് സ്വകാര്യ ആശുപത്രിയിലെ എക്സറേ പരിശോധനയിലാണ്.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറു വേദനയും മൂത്രത്തിൽ രക്തവും കണ്ടതിനെ തുടർന്ന് ഉഷ ചികിത്സ തേടിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് എക്സ്റേ എടുത്തത്. 2021 മേയ് 3 ന് ആയിരുന്നു ഉഷ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന്  5 വര്‍ഷമായി ഉഷ മരുന്നു കഴിച്ച് വരികയായിരുന്നു. ഇതിന് ചികിത്സയ്ക്കായി വീണ്ടും വണ്ടാനത്ത് എത്തിയപ്പോൾ മൂത്രത്തിൽ കല്ലെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. സംഭവത്തിൽ പരാതി നൽകുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെന്ന് ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അങ്ങേയറ്റം കുറ്റകരമായ  അനാസ്ഥയാണ്. കത്രിക കണ്ടെത്തിയിട്ടും തുടര്‍നടപടിയെടുത്തില്ലെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

ENGLISH SUMMARY:

A pair of surgical scissors was found inside the abdomen of a housewife who underwent surgery at the Alappuzha Vandanam Medical College Hospital. A grave allegation has been raised against the Alappuzha Medical College, claiming that the scissors were forgotten inside her body during a surgery five years ago.