നാടിന്റെ അതിജീവനത്തിന് കരുത്ത് പകർന്ന് വയനാട് ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ആദ്യഘട്ട വീടുകളുടെ താക്കോൽദാനം ഈ മാസം 25ന്. എല്ലാം നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് വീട് ഒരുങ്ങുന്നത്. ദുരന്തം ഉണ്ടായി ഒന്നര വർഷത്തിന് ശേഷമാണ് ഭവനങ്ങൾ യാഥാർഥ്യമാകുന്നത്. ഫെബ്രുവരി 25ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു എന്ന് വ്യക്തമാക്കി കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ താക്കോൽ കൈമാറുക. ഇവർക്കുള്ള പട്ടയവും വിതരണം ചെയ്യും. ഫെയ്സ് വണ്ണിലേക്കുള്ള ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് നാളെ മേപ്പാടിയിൽ നടക്കും.
കൽപ്പറ്റ ബൈപ്പാസിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്ത് 2025 ഏപ്രിലിലാണ് നിർമാണം ആരംഭിച്ചത്. ആയിരം സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ് റൂം സൗകര്യവുള്ള വീടുകളാണ് തയാറാകുന്നത്. കമ്യൂണിറ്റി സെന്റര്‍ ഉൾപ്പെടെ ഉള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. താക്കോൽ കൈമാറ്റം ബുധനാഴ്ച നടക്കുമെങ്കിലും വീടുകളിൽ താമസിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാനം വരുമെന്ന് ഇരിക്കെയാണ് ഈ മാസം അവസാനം തന്നെ താക്കോൽദാന ചടങ്ങ് നടത്താൻ സർക്കാർ തീരുമാനിച്ചത്
അതേസമയം, മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പണിയുന്ന 100 വീടുകളുടെ തറക്കല്ലിടല്‍ 26ന് നടക്കുമെന്ന് കെപിസിസി പ്രസിഡന്‍റ്. തറക്കല്ലിടല്‍ രാഹുല്‍ഗാന്ധി നിര്‍വഹിക്കും. ആറുമാസത്തിനകം വീട് പണി പൂര്‍ത്തിയാക്കും. മേപ്പാടി കുന്നമ്പറ്റയില്‍ അഞ്ചേമുക്കാല്‍ ഏക്കറിലാണ് നിര്‍മാണം. ദുരന്തബാധിതരായ കടയുടമകള്‍ക്ക് അഞ്ചുലക്ഷംരൂപ വീതം ധനസഹായം നല്‍കും. യൂത്ത് കോണ്‍ഗ്രസ് ഒരുകോടി രൂപ നല്‍കിയെന്നും സണ്ണി ജോസഫ് തൃശൂരില്‍ പറഞ്ഞു.