രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ആദ്യ നിയമസഭാപ്രസംഗം
ഒന്നിലേറെ ബലാല്‍സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാന്‍ നീക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ബലാല്‍സംഗ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം രാഹുലിനെതിരായ പരാതികളുടെ വിശദാംശങ്ങളും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും നിയമസഭാസ്പീക്കറെ അറിയിച്ചു. ഇതനുസരിച്ച് സ്പീക്കര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാംഗത്വത്തില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നാണ് വിവരം. വിഷയം നിയമസഭയുടെ എത്തിക്സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റിക്ക് അയച്ചുകഴിഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് ക്ഷേത്രദര്‍ശനത്തിനിടെ
ഗുരുതരമായ ക്രിമിനല്‍ കേസില്‍ പ്രതിയായതുകൊണ്ടോ കോടതി റിമാന്‍ഡ് ചെയ്തതുകൊണ്ടോ നിയമസഭാംഗത്വം റദ്ദാക്കാന്‍ കഴിയുമോ? ഇല്ല എന്നതാണ് നേരിട്ടുള്ള ഉത്തരം. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് കോടതി കുറ്റക്കാരനായി കണ്ടെത്തി രണ്ടുവര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ വിധിച്ചാല്‍ മാത്രമേ ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ കഴിയും. ആ അയോഗ്യത കോടതി വിധി പ്രസ്താവിക്കുന്ന നിമിഷം പ്രാബല്യത്തില്‍ വരികയും ചെയ്യും. ഏതൊക്കെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടാലാണ് അയോഗ്യത വരിക എന്നും ജനപ്രാതിനിധ്യനിയമത്തിലെ എട്ടാം വകുപ്പ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബലാല്‍സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളെല്ലാം അതില്‍ വരും. എന്നാല്‍ കോടതി ശിക്ഷിക്കാതെ, അതും കുറഞ്ഞത് രണ്ടുവര്‍ഷം തടവുശിക്ഷയെങ്കിലും ലഭിക്കാതെ, അയോഗ്യത വരില്ല.
ജനപ്രാതിനിധ്യനിയമം അനുസരിച്ച് മാത്രമല്ല എംഎല്‍എയ്ക്ക് അയോഗ്യത കല്‍പ്പിക്കാവുന്നത്. ഭരണഘടനയുടെ അനുച്ഛേദം 191 അനുസരിച്ച് അഞ്ച് അയോഗ്യതാ മാനദണ്ഡങ്ങള്‍ കൂടിയുണ്ട്. അതത് നിയമസഭകള്‍ നിയമം മൂലം സംരക്ഷിച്ചിട്ടില്ലാത്ത ഏതെങ്കിലും ലാഭകരമായ പദവി സര്‍ക്കാരില്‍ വഹിക്കുകയാണെങ്കില്‍ എംഎല്‍എയ്ക്ക് അയോഗ്യത വരും. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ ഇത് ഉയര്‍ന്നുവരികയാണെങ്കില്‍ മല്‍സരിക്കാന്‍ പോലും കഴിയില്ല. മാനസികനില തകരാറിലാണെന്ന് കോടതി വിധിക്കുന്നപക്ഷം എംഎല്‍എയെ അയോഗ്യനാക്കാം. പാപ്പരായി പ്രഖ്യാപിക്കപ്പെട്ടശേഷവും കോടതി കടബാധ്യതയില്‍ നിന്ന് മുക്തനാക്കിയിട്ടില്ലാത്തവരുടെയും നിയമസഭാംഗത്വം റദ്ദാക്കാം. മറ്റേതെങ്കിലും രാജ്യത്തിന്‍റെ പൗരത്വം സ്വീകരിക്കുന്നവരുടെ നിയമസഭാംഗത്വം അതേ കാരണം കൊണ്ട് റദ്ദാക്കാം. അഞ്ചാമതായി, പാര്‍ലമെന്‍റ് പാസാക്കുന്ന മറ്റേതെങ്കിലും നിയമത്തിന്‍റെ അടിസ്ഥാനത്തിലും എംഎല്‍എയ്ക്ക് പദവി നഷ്ടപ്പെടാം.
KPCC ലഹരിമുക്ത കാംപയ്‌ന്‍റെ ഭാഗമായി രാഹുല്‍ ഫെയ്‍സ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം
അനുച്ഛേദം 191ന്‍റെ രണ്ടാം ഉപവകുപ്പനുസരിച്ച് കൂറുമാറ്റത്തിനും (പത്താം പട്ടിക) അയോഗ്യത വരും. പാര്‍ട്ടി വിടുക, വിപ്പ് ലംഘിക്കുക, കൂറുമാറി വോട്ട് ചെയ്യുക, പാര്‍ട്ടി നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുക, സ്വതന്ത്രനായി മല്‍സരിച്ച് വിജയിച്ചശേഷം മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുക തുടങ്ങിയവയാണ് പത്താംപട്ടികയിലെ കാരണങ്ങള്‍. ഇതുകൂടാതെ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് ക്രമക്കേടിന്‍റെ പേരിലും അയോഗ്യതയ്ക്ക് വകുപ്പുണ്ട്.
ഇത്രയുമാണ് നിയമസഭാംഗത്തിന് അയോഗ്യത കല്‍പ്പിക്കാവുന്ന നിയമവ്യവസ്ഥകളും കാരണങ്ങളും. എത്തിക്സ് കമ്മിറ്റിക്കോ പ്രിവിലേജ് കമ്മിറ്റിക്കോ അംഗത്തിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാമെങ്കിലും നിലവിലെ നിയമങ്ങളും ചട്ടങ്ങളും ഭരണഘടനാവ്യവസ്ഥകളും അനുസരിച്ച് മാത്രമേ സ്പീക്കര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. അല്ലാത്തപക്ഷം സ്പീക്കറുടെ തീരുമാനം കോടതിയില്‍ ചോദ്യംചെയ്യപ്പെടുകയും നിയമപരമല്ലെങ്കില്‍ റദ്ദാക്കപ്പെടുകയും ചെയ്യും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്നവയാണ്. എന്നാല്‍ പരാതികളില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിച്ച് തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ തെളിയിക്കുകയും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും വേണം. കുറഞ്ഞത് രണ്ടുവര്‍ഷം ശിക്ഷ വിധിക്കുക കൂടി ചെയ്താല്‍ മാത്രമേ രാഹുല്‍ മാങ്കൂട്ടത്തിലിന് അയോഗ്യത വരൂ. നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് മൂന്നുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ അതിനുള്ള സാധ്യത കുറവാണ്.
രാഹുലിനെതിരായ പരാതികളും കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ പ്രചാരണസാധ്യതയുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ അത് തുടര്‍ച്ചയായി പൊതുമധ്യത്തില്‍ നിലനിര്‍ത്താനുള്ള എല്ലാ സാധ്യതയും ഭരണപക്ഷം തേടും. അത് സ്വാഭാവികവുമാണ്. ഈ നിലയില്‍ മാത്രമേ സര്‍ക്കാരിന്‍റെയും സ്പീക്കറുടെയും ഇപ്പോഴത്തെ നീക്കങ്ങളെ കാണേണ്ടതുള്ളു. കൂറുമാറ്റമോ ‘ഓഫിസ് ഓഫ് പ്രോഫിറ്റോ’ മറ്റേതെങ്കിലും വീഴ്ചയോ സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അയോഗ്യത പ്രശ്നം ഇപ്പോള്‍ ഉയരുന്നില്ല.