rahul-mamkootathil-threatening-chat

മൂന്നാമത്തെ ബലാൽസംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന്‍റെ തെളിവുകള്‍ പുറത്ത്. നീ എന്തുചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ ഭീഷണി. നീ ചെയ്യുന്നത് ഞാൻ താങ്ങും എന്നാല്‍ നീ താങ്ങില്ല. നാട്ടിൻ വന്നാൽ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരുമെന്നും അതിജീവിതയ്ക്കയച്ച ഭീഷണി സന്ദേശത്തിലുണ്ട്. Also Read: വഴി മാറിവന്ന ഫ്ലി‍‌പ്‌കാര്‍ട്ട് മെസേജ്; അതിജീവിത രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കെണിയില്‍ വീണത് ഇങ്ങനെ .

ടെലഗ്രാമില്‍ നടത്തിയ ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ആരെയാണ് നീ പേടിപ്പിക്കുന്നതെന്നും പ്രസ് മീറ്റ് നടത്താന്‍ വെല്ലുവിളിക്കുന്നതായും ചാറ്റിലുണ്ട്. തനിക്കും തന്‍റെ കുടുംബത്തിനും ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും ഇങ്ങോട്ട് തന്ന ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുമെന്നും രാഹുല്‍ ചാറ്റില്‍ പറയുന്നു. പേടിപ്പിക്കാന്‍ നീ എന്നല്ല, ഈ ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും പേടിക്കാന്‍ ഉദ്ദേശമില്ലെന്നും ചാറ്റിലുണ്ട്. ഞാന്‍ മാത്രം മോശവും ബാക്കിയുള്ളവര്‍ പുണ്യാളത്തികളും ആയിട്ട് ഉള്ള ഒരു പരിപാടിയും ഇനി നടക്കില്ലെന്നും രാഹുല്‍ പറയുന്നു. 

ഈ പേടിപ്പിക്കുന്ന പരിപാടി ഒരു മാസം മുന്‍പ് വരെയൊക്കെ നടത്തിയെങ്കില്‍ അല്‍പം എങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്യുമായിരുന്നു. ഇപ്പോ എല്ലാത്തിന്‍റെയും എക്സ്ട്രീം കഴിഞ്ഞു നില്‍ക്കുകയാണ്. ഇത് ഇമേജ് തിരിച്ചുപിടിക്കല്‍ ഒന്നുമല്ല, അത് നിന്‍റെ തോന്നലാണെന്നും അതിജീവിതയോട് രാഹുല്‍ പറയുന്നു. നീ എല്ലാം ചെയ്തിട്ടു വാ. എന്നിട്ട് പിന്നെ നന്നായി ജീവിക്കെന്നേ എന്നും രാഹുലിന്‍റെ ഭീഷണിയുണ്ട്. 

അടുത്തിടെ നടത്തിയ ചാറ്റുകളാണ് ഇതെന്നാണ് കരുതുന്നത്. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത കാര്യങ്ങളെല്ലാം അതിജീവിത രാഹുലിനോട് പറയുന്നതായി ചാറ്റില്‍ കാണാം. ‘ഈ സസ്പെൻഷൻ എങ്ങനെയെങ്കിലും പിൻവലിപ്പിച്ച് പാർട്ടിയിൽ തിരിച്ചു വന്ന് നിന്റെ ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമമുണ്ടല്ലോ അത് കാണാം, അതൊന്നും അനുവദിക്കില്ല, ഞങ്ങളുടെയൊക്കെ ജീവിതം നശിപ്പിച്ച് നീ നിന്റെ ഇമേജ് തിരിച്ചുപിടിച്ച് പൊളിറ്റിക്കൽ കരിയർ തിരിച്ചുപിടിക്കാനുള്ള ശ്രമം ഞങ്ങൾ അനുവദിക്കില്ല എന്നും വളരെ കൃത്യമായി അതിജീവിത പറയുന്നുണ്ട്.

അതേസമയം, ബലാൽസംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജയിൽ വാസം നീളും. ഇന്ന് ജാമ്യാപേക്ഷ നൽകുമെങ്കിലും വാദത്തിലേക്ക് കടക്കില്ല. പൊലീസ് കസ്റ്റഡി അപേക്ഷയും ഇന്ന് നൽകുന്നതു കൊണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുന്നത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്‍റെ ആവശ്യം. കസ്റ്റഡി അപേക്ഷ സാധാരണഗതിയിൽ കോടതി അനുവദിക്കും. അങ്ങിനെയെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ഈ ആഴ്ച അവസാനമായേക്കും. അതുവരെ ജയിലിലും പൊലീസിന്‍റെ കസ്റ്റഡിയിലുമായി രാഹുൽ കഴിയേണ്ടിവരും.

ENGLISH SUMMARY:

Screenshots of threatening messages allegedly sent by Rahul Mamkootathil MLA to a rape survivor have surfaced via Telegram chats. In the messages, Rahul reportedly warned the survivor that he would retaliate against any actions she took and threatened her family. The survivor countered by stating that her group would not allow him to rebuild his political career at their expense. Currently, Rahul is in judicial custody in the third rape case registered against him in Pathanamthitta. The prosecution has highlighted these threats as evidence of criminal intimidation to oppose his bail application. An investigation is underway to authenticate the digital evidence and probe the financial dealings mentioned in the chats.