rahul-cm

മൂന്നാം കേസില്‍ രാഹുലിനെ അഴിക്കുളളിലാക്കിയതില്‍ നിര്‍ണായകമായത് അതിജീവിത മുഖ്യമന്ത്രിക്ക് അയച്ച ശബ്ദ സന്ദേശം. തന്‍റെ പരാതിയില്‍   രാഹുലിനെതിരായ നടപടി വൈകുന്നതിലുളള ആശങ്ക പങ്കുവച്ച ശബ്ദ സന്ദേശത്തിലുടനീളം അതിജീവിത കരയുകയായിരുന്നു. ഉടന്‍ നടപടിക്ക്  മുഖ്യമന്ത്രി നിര്‍ദേശിച്ചതോടെ,  പഴുതുകളെല്ലാം അടച്ച് അതീവ രഹസ്യവും ചടുലവുമായി രാഹുലിനെ കസ്റ്റഡിലെടുക്കുകായിരുന്നു അന്വേഷണ സംഘം.

​​ഒന്നും രണ്ടും കേസുകള്‍, രാഹൂലിനെ ജയിലിലാക്കാനാകുമെന്നായിരുന്നു പൊലീസിന്‍റെ വിശ്വാസം. പക്ഷെ രാഹുലിന്‍റെ ഒളിവും കോടതിയുടെ ഇടപെടലും കണക്ക് കൂട്ടലെല്ലാം തെറ്റിച്ചു. ജാമ്യം നേടി തിരിച്ചെത്തി ചിരിച്ചുകൊണ്ട് ചായ കുടിച്ചപ്പോള്‍ രാഹുല്‍ ജയിച്ചു, ആഭ്യന്തരവകുപ്പ് തോറ്റു. മറ്റൊരു അവസരം കാത്തിരുന്ന പൊലീസിന്‍റെ മുമ്പിലേക്കാണ് ജനുവരി 5ന് മൂന്നാം പരാതിയെത്തുന്നത്. ഡി.ജി.പിക്ക് ഇമെയിലായി ലഭിച്ച പരാതിയില്‍ ആ നിമിഷം മുതല്‍ അതീവരഹസ്യ നീക്കത്തിന് തുടക്കമായി. പരാതിക്കാരിയെ ആദ്യം  ഫോണിലും പിന്നീട് വീഡിയോ കോളിലും ബന്ധപ്പെട്ട  എസ് പി പൂങ്കുഴലി വിവരങ്ങള്‍ ശേഖരിച്ചു. രാഹൂലുമായുള്ള ചാറ്റുകള്‍ ,  സാമ്പത്തിക ഇടപാടിന്‍റെ തെളിവുകള്‍ തുടങ്ങിയവ പരാതിക്കാരി കൈമാറി. പരാതിയില്‍ പറയുന്ന ദിവസം ബലാല്‍സംഗം നടന്ന ഹോട്ടലില്‍ ഇരുവരും ഉണ്ടോയെന്ന് ഉറപ്പിക്കാനായി അടുത്ത ശ്രമം. വിവരം ചോരുമെന്നതിനാല്‍ മറ്റ് പൊലീസുകാരെ കൂട്ടാതെ പൂങ്കുഴലി തന്നെ ടവര്‍ ലൊക്കേഷന്‍ വിവരം ശേഖരിച്ചു. രാഹുലും പരാതിക്കാരിയും ഒരേസമയം  ഹോട്ടല്‍ പരിധിയിലുണ്ടെന്ന് വ്യക്തമായതോടെ  പരാതി ശരിയെന്ന് പൊലീസ് ഉറപ്പിച്ചു.

​ അറസ്റ്റിന് മുന്‍പ് ബലാല്‍സംഗക്കേസില്‍ രഹസ്യമൊഴിയും വൈദ്യപരിശോധനയും നിര്‍ബന്ധമാണ്. രഹസ്യമൊഴി എടുത്തതിനു ശേഷം അറസ്റ്റ് മതിയെന്നായിരുന്നു പൊലീസ് തീരുമാനം. അതിനിടെയാണ് അതിജീവിതയുടെ നിര്‍ണായകമായ ശബ്ദ സന്ദേശം മുഖ്യമന്ത്രിയുടെ പക്കലെത്തുന്നത്. അറസ്റ്റ് വൈകുന്നതില്‍ ആശങ്ക പങ്കുവച്ചുകൊണ്ടുളള സന്ദേശത്തിലുടനീളം അതിജീവിത കരയുകയായിരുന്നു.രാഹുല്‍ രക്ഷപെടുമെന്നും ജീവിതം തകര്‍ക്കുമെന്നുമുളള തന്‍റെ പേടി മുഖ്യമന്ത്രിയോട് വെളിപ്പെടുത്തി.

​ശബ്ദസന്ദേശം കേട്ട മുഖ്യമന്ത്രി പിണറായി വിജയന്‍  ഉടന്‍ നടപടികള്‍ക്ക് നിര്‍ദേശം നല്കി. രാഹുല്‍ എവിടെയെന്ന് നിരീക്ഷിക്കാന്‍ ഇന്‍റലിജന്‍സിനോട് ഡി.ജി.പി ആവശ്യപ്പെട്ടു. പാലക്കാടുണ്ടെന്ന് ഉറപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് പൊലീസ് സംഘം എത്തും വരെ കാത്ത് നില്‍ക്കേണ്ടെന്ന് തീരുമാനിച്ചതോടെ ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ സഹായം തേടി. ഡി.ജി.പിയും എസ്.പി.പൂങ്കൂഴലിയുമടക്കം നാല് ഉന്നത പൊലീസുകാര്‍ മാത്രമറിഞ്ഞുള്ളതായിരുന്നു നീക്കങ്ങളെല്ലാം.പകല്‍ സമയം ഒഴിവാക്കി അര്‍ധരാത്രി 12 മണിയോടെ പൊലീസ് സംഘം രാഹുല്‍ താമസിക്കുന്ന ഹോട്ടലില്‍. പുതിയ ഒരു കേസില്‍ മൊഴിയെടുക്കാനുണ്ടെന്ന് അറിയിച്ചപ്പോള്‍ പതിവ് പോലെ രാഹുല്‍ എതിര്‍ത്തു. വൈദ്യപരിശോധന നടത്തണമെന്ന് പറഞ്ഞപ്പോഴും ആദ്യം എതിര്‍പ്പ്. അറസ്റ്റിനാണ് തീരുമാനമെന്ന് അറിയിച്ചതോടെ എതിര്‍പ്പ് അവസാനിപ്പിച്ച്   രാഹുല്‍ പൊലീസ് വണ്ടിയിലേക്ക്.കേസിനേക്കുറിച്ച് കാര്യമായി പറയാതെ, ഒന്നും ചോദിക്കാതെ രാഹുലുമായി സംഘം നേരം പുലരും മുന്‍പ് പത്തനംതിട്ട എ.ആര്‍ ക്യാംപിലെത്തി. ഒന്നിലും രണ്ടിലും പിഴച്ച പൊലീസ് മൂന്നാം ഊഴത്തില്‍ അറസ്റ്റ് ചെയ്ത് ലക്ഷ്യം നേടി.

ENGLISH SUMMARY:

Rahul Arrest: The arrest of Rahul in the third case hinged on a voice message sent by the survivor to the Chief Minister. The message, filled with her worries about the delay in action against Rahul, prompted immediate directives from the Chief Minister, leading to Rahul's swift arrest