പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ചലച്ചിത്ര താരം രമേശ് പിഷാരടിയുടെ പേരിന് മുന്‍ഗണന. പാലക്കാടോ തൃപ്പൂണിത്തുറയിലോ മല്‍സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചു. എന്നാല്‍ പാലക്കാട് കെ.മുരളീധരന്‍ വരണമെന്നാണ് വി.കെ ശ്രീകണ്ഠന്‍ പക്ഷത്തിന്‍റെ താല്‍പര്യം.
കോണ്‍ഗ്രസിന്‍റെ സിറ്റിങ് മണ്ഡലങ്ങളിൽ പാലക്കാടും തൃപ്പൂണിത്തുറയിലുമാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ തീരുമാനമാകാത്തത്. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ ചലച്ചിത്രതാരം രമേശ് പിഷാരടിക്കായി സമ്മർദ്ദം ഏറുകയാണ്. കെപിസിസി നേത്യത്വത്തോട് പിഷാരടി സ്ഥാനാർഥിത്വത്തിന് സമ്മതം അറിയിച്ചിട്ടുണ്ട്. 17000 വോട്ടോടെയുള്ള രാഹുലിന്‍റെ ജയവും ബിജെപി മുന്നേറ്റവും ഉള്ള മണ്ഡലത്തിൽ ജനകീയനായ പിഷാരടി മികച്ച സ്ഥാനാർഥിയാകുമെന്നാണ് ഷാഫി പറമ്പിൽ പക്ഷത്തിന്‍റെ വാദം.
മണ്ഡലത്തിന് പുറത്തുനിന്നുള്ളയാളെ വീണ്ടും ഇറക്കുന്നതില്‍ ചില നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്. അതേസമയം ശക്തനായ സ്ഥാനാർത്ഥി എന്ന നിലയിൽ മുതിർന്ന നേതാവ് കെ. മുരളീധരനെ മത്സരിപ്പിക്കണമെന്നാണ് വി. കെ. ശ്രീകണ്ഠൻ പക്ഷത്തിന്‍റെ നിലപാട്. എന്നാൽ കെ മുരളീധരന്‍റെ സ്ഥാനാർഥിത്വം വട്ടിയൂർക്കാവിൽ ഉറപ്പിച്ചതാണ്. പാലക്കാട് കണ്ണൻ ഗോപിനാഥന്‍റെ പേര് പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ജനകീയനല്ലെന്ന കാരണത്താൽ ഒഴിവാക്കി.
ഇന്നലെ ഡൽഹിയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റി സിറ്റിംഗ് - സംവരണ മണ്ഡലങ്ങൾ അടങ്ങിയ 40 സ്ഥാനാർത്ഥികളുടെ പട്ടിക അന്തിമമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 10 മണ്ഡലങ്ങളിൽ കൂടി അന്തിമ ധാരണയിൽ എത്തിയ ശേഷമായിരിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ചേർന്ന് പട്ടികയ്ക്ക് അംഗീകാരം നൽകുക.