രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരായ കേസ് വിവരം സ്പീക്കറെ രേഖാമൂലം അറിയിച്ച് പൊലീസ്. എല്‍.ഡി.എഫും പരാതി നല്‍കിയേക്കും. ഇവയുടെ അടിസ്ഥാനത്തില്‍ രാഹുലിനെ അയോഗ്യനാക്കുന്നതില്‍ സ്പീക്കര്‍ നിയമോപദേശം തേടും. നടപടികള്‍ നിരീക്ഷിച്ച ശേഷം അയോഗ്യതാ നടപടിയില്‍ നിലപാട് എടുക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. അതിനിടെ രാഹുല്‍ സീരിയല്‍ ക്രിമിനലാണെന്ന് എം.എ.ബേബി കുറ്റപ്പെടുത്തി.
രാഹുലിനെതിരായ അന്വേഷണത്തിനൊപ്പം തന്നെ എം.എല്‍.എ പദവി തെറിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാക്കുകയാണ്. അതിന്‍റെ മുന്നോടിയായി രാഹുല്‍ ബലാല്‍സംഗക്കേസില്‍ അറസ്റ്റിലാണെന്നും ഗുരുതര പരാതിയെന്നും വ്യക്തമാക്കി അന്വേഷണസംഘം സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ രാഹുലിനെ അയോഗ്യനാക്കുന്നതില്‍ സ്പീക്കര്‍ നിയമോപദേശം തേടും.
അധാര്‍മിക പെരുമാറ്റം, നിയമസഭ അംഗത്വം ദുരുപയോഗം ചെയ്ത് ക്രിമിനല്‍ കുറ്റത്തില്‍ ഏര്‍പ്പെടുക എന്നിവയുണ്ടായാല്‍ എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമസഭക്ക് അധികാരമുണ്ട്. ഇതുവഴി രാഹുലിന് അയോഗ്യനാക്കാനാകുമോയെന്നാണ് നോക്കുന്നത്. അനുകൂല നിയമോപദേശം ലഭിച്ചാല്‍ എത്തിക്സ് കമ്മിറ്റി പരിഗണിക്കുകയും, കമ്മിറ്റിയുടെ ശുപാര്‍ശ മുഖ്യമന്ത്രി പ്രമേയമായി നിയമസഭയില്‍ അവതരിപ്പിച്ച് പുറത്താക്കാനുമാണ് ആലോചിക്കുന്നത്.
അയോഗ്യനാക്കാനുള്ള ശുപാര്‍ശ നല്‍കേണ്ട എത്തിക്ക്സ് കമ്മിറ്റിയില്‍ എം.വി.ഗോവിന്ദന്‍, ടി.പി രാമകൃഷ്ണന്‍, കെ.കെ.ശൈലജ എന്നിവരടക്കം ഏഴ് പേര്‍ എല്‍.ഡി.എഫ് അംഗങ്ങളാണ്. റോജി എം.ജോണും യു.എ.ലത്തീഫുമാണ് യു.ഡി.എഫ് അംഗങ്ങള്‍. രാഹുലിനെ അയോഗ്യനാക്കുന്നത് യു.ഡി.എഫ് എതിര്‍ക്കില്ലങ്കിലും അന്തിമ നിലപാടെടുത്തിട്ടില്ല. അതിനിടെ രാഹുലിനെതിരെ സ്പീക്കര്‍ക്ക് പ്രത്യേക പരാതി നല്‍കാനാണ് എല്‍.ഡി.എഫ് ആലോചന.