ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികൾ പഠനച്ചെലവും ഹോസ്റ്റൽ ഫീസും കണ്ടെത്താനായി സ്വന്തം രക്തം വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് പരാതി. കോണ്‍ഗ്രസ് നേതാവ് രാജേന്ദ്രപാൽ ഗൗതം ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. അലഹാബാദ് മെഡിക്കൽ അസോസിയേഷന്റെ ബ്ലഡ് ബാങ്കിൽ ഒരു ഹിന്ദി ദിനപത്രം സ്റ്റിങ് ഓപ്പറേഷൻ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവിന്‍റെ പരാതി.
‘അലഹാബാദ് മെഡിക്കൽ അസോസിയേഷൻ ബ്ലഡ് ബാങ്കിന് ചുറ്റുമുള്ള പ്രദേശം കോച്ചിങ് സെന്ററുകളുടെ ഒരു കേന്ദ്രമാണ്. ഇവിടെ, പഠനം തുടരാൻ വലിയൊരു വിഭാഗം വിദ്യാർഥികൾ രക്തം വില്‍ക്കുകയാണ്. ഇതിനേക്കാൾ നാണംകെട്ട മറ്റൊന്നുമില്ല, സ്റ്റിങ് ഓപ്പറേഷനിലൂടെ വെളിപ്പെട്ടത് ഇതൊക്കെയാണ്’, രാജേന്ദ്രപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കാനോ അവർക്ക് താമസിക്കാൻ ഹോസ്റ്റലുകൾ നൽകാനോ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കഴിയുന്നില്ലെന്ന് രാജേന്ദ്രപാൽ ഗൗതം പറഞ്ഞു. അലഹാബാദ് മെഡിക്കൽ അസോസിയേഷന്റെ ബ്ലഡ് ബാങ്കിൽ ഇടനിലക്കാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് കണ്ടെത്തിയതായിയും അദ്ദേഹം വ്യക്തമാക്കി.
‘ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആരാണെന്നും പണത്തിന് അടിയന്തര ആവശ്യക്കാരായവർ ആരാണെന്നും ഈ ഇടനിലക്കാർക്ക് നന്നായറിയാം. ഇവർ വിദ്യാർഥികൾക്കായി വ്യാജ രേഖകൾ ഉണ്ടാക്കുകയും തുടർന്ന് അവരുടെ രക്തം വില്‍പ്പന നടത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസം തുടരാനും ഹോസ്റ്റൽ ഫീസ് അടയ്ക്കാനും വേണ്ടി മാത്രമാണ് നിരാശരായ ഈ വിദ്യാർഥികൾ ഇതെല്ലാം ചെയ്യുന്നത്,’ രാജേന്ദ്രപാൽ ആരോപിച്ചു.
വിദ്യാർഥികൾ ഒരു മാസത്തിൽ നാല് തവണ വരെ രക്തം വില്‍ക്കുന്നുണ്ടെന്നും ഒരു യൂണിറ്റ് രക്തത്തിന് 4,000 മുതൽ 5,000 രൂപ വരെയാണ് ലഭിക്കുന്നതെന്നും സ്റ്റിംഗ് ഓപ്പറേഷനിൽ തെളിഞ്ഞതായി രാജേന്ദ്രപാൽ അവകാശപ്പെട്ടു. ഉത്തർപ്രദേശിൽ പ്രതിമാസം 132 വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ ഒരു വശത്ത് സ്വന്തം പഠനച്ചെലവ് കണ്ടെത്താൻ വിദ്യാർഥികൾ രക്തം വില്‍ക്കാൻ നിർബന്ധിതരാകുമ്പോൾ, മറുവശത്ത് പരീക്ഷാ ചോദ്യപേപ്പറുകൾ ചോർത്തി ബിജെപി സർക്കാർ വിദ്യാർഥികളുടെ ഭാവി വില്‍പ്പനയ്ക്ക് വെക്കുകയാണെന്ന് രാജേന്ദ്രപാൽ ഗൗതം ആപോപിച്ചു.