ഉത്തർപ്രദേശിലെ അമ്രോഹയിൽ കുടുംബവഴക്കിനെ തുടർന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 27-കാരൻ ഡൽഹിയിൽ വെച്ച് മരണപ്പെട്ടു. ആദംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരാവലി ഖാദർ ഗ്രാമത്തിലാണ് സംഭവം. യുവാവിന്റെ ഭാര്യ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിരാവലി ഖാദർ ഗ്രാമവാസിയായ രഞ്ജിത്തിന്റെ മകൻ രൂപകിഷോർ എന്ന രൂപചന്ദും (27) ഭാര്യ മീനുവും തമ്മിൽ വെള്ളിയാഴ്ച കൂടുതൽ റൊട്ടി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു. ഇവരുടെ കുടുംബത്തിൽ മുൻപും വഴക്കുകൾ പതിവായിരുന്നതായി നാട്ടുകാർ പറയുന്നു. തർക്കം രൂക്ഷമായതിനെത്തുടർന്നാണ് രൂപചന്ദിന് പൊള്ളലേറ്റത്.
എന്നാൽ രൂപചന്ദ് സ്വയം തീകൊളുത്തിയതല്ലെന്നും, ഭാര്യ മീനു ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നുമാണ് ഗ്രാമവാസികളുടെ പ്രധാന ആരോപണം. എങ്കിലും ഈ ആരോപണത്തിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വീട്ടിൽ നിന്ന് ബഹളം കേട്ടെത്തിയ നാട്ടുകാർ വാതിൽ തകർത്ത് അകത്തുകടന്നാണ് ഗുരുതരമായി പരുക്കേറ്റ രൂപചന്ദിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കേന്ദ്രത്തിലേക്കും മാറ്റി. തുടർന്ന് ബന്ധുക്കൾ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോയെങ്കിലും, തിങ്കളാഴ്ച ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
രണ്ടു വർഷം മുൻപായിരുന്നു രൂപചന്ദിന്റെയും മീനുവിന്റെയും വിവാഹം. രണ്ട് സഹോദരന്മാരിൽ ഇളയവനാണ് രൂപചന്ദ്. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആദംപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) കോമൾ തോമർ വ്യക്തമാക്കി. അന്വേഷണത്തിൽ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.