എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ വിമാനത്തിന്റെ മെയിന്‍റനന്‍സ് റിപ്പോര്‍ട്ട് പുറത്ത്. സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചെന്നും ഹൈഡ്രോളിക് സംവിധാനങ്ങളില്‍ കുറഞ്ഞ മര്‍ദം രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടു. എമര്‍ജിന്‍സി വാതിലുകളിലും മുന്നറിയിപ്പുണ്ടായതായി പറയുന്നു. ആകാശച്ചുഴിയാണ് വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ചതെന്നായിരുന്നു എയർ ഇന്ത്യയുടെ ആദ്യ വിശദീകരണം. എന്നാൽ, ടർബുലൻസ് എന്ന പരാമർശം ഒഴിവാക്കിയാണ് പിന്നീട് വാർത്താക്കുറിപ്പ് ഇറക്കിയത്
അതേസമയം, ഫുക്കറ്റ് - ഡൽഹി വിമാനത്തിലെ ക്യാപ്റ്റന്റെ പെരുമാറ്റത്തെച്ചൊല്ലി ഗുരുതര ആരോപണങ്ങൾ പുറത്തുവന്നു. ലഹരി ഉപയോഗിച്ചതിനാൽ പൈലറ്റ് കോക്പിറ്റിൽ നിലത്തിരുന്നുവെന്നും വിമാനം ലാൻഡ് ചെയ്തിട്ടും നേരെ നിൽക്കാൻ കഴിഞ്ഞില്ലെന്നുമാണ് റിപ്പോർട്ടുകൾ. പൈലറ്റ് ക്യാബിൻ ക്രൂ അംഗങ്ങളെ ഫുക്കറ്റിലേക്ക് പാർട്ടിക്കായി കൊണ്ടുപോയിരുന്നുവെന്നും വിവരമുണ്ട്.
Also read: ആകാശചുഴിയില്‍ പെട്ടപ്പോള്‍ പൈലറ്റ് സീറ്റിലില്ല? കോക്ക്പിറ്റില്‍ സംഭിവച്ചതെന്ത്?
രണ്ടാം ലഹരി പരിശോധനയിലും പോസിറ്റീവായ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ലഹരി ഉപയോഗിച്ചതിനാൽ നടക്കാൻ പോലും പറ്റാത്ത നിലയിലായിരുന്നു പൈലറ്റിന്റെ പെരുമാറ്റം. ഒരു ക്യാബിൻ ക്രൂ അംഗത്തിന് പൈലറ്റുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ലഹരി ഉപയോഗിച്ചതിനാൽ പൈലറ്റിന് സ്ഥലകാലബോധം നഷ്ടപ്പെട്ടു. വിമാനം ഡൽഹിയിലെത്തിയപ്പോൾ പൈലറ്റിന്റെ ഒരു കാലിൽ ഷൂവും സോക്സും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ക്യാബിന്‍ ക്രൂ അംഗം ക്യാപ്റ്റന്റെ പെരുമാറ്റത്തിനെതിരെ വിമാന കമ്പനിക്ക് പരാതി നല്‍കി. ഒഡീഷയ്ക്ക് മുകളിലെത്തിയപ്പോൾ 300 അടി താഴ്ചയിലേക്ക് പതിച്ച വിമാനം സ്ഥിരതയിലെത്തിച്ചത് സഹപൈലറ്റാണ്. ഈ മാസം 4 ന് തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് 137 യാത്രക്കാരുമായി ഡൽഹിയിലേക്കു പറന്ന എയർബസ് എ 320 വിമാനം ഒഡീഷയ്ക്കു സമീപമാണ് പൊടുന്നനെ വിമാനം 300 അടി താഴ്ചയിലേക്കു പതിച്ചത്. അപകടത്തിൽ 20 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമാണ് പരുക്കേറ്റത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനങ്ങളിലെ തകരാറും പരിശോധിക്കുന്നുണ്ട്.
വിമാനം ആകാശച്ചുഴിയിൽപ്പെട്ടു എന്ന സാധ്യത വിദഗ്ധർ തള്ളി. അപകടത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം തുടരുകയാണ്. സമാന അപകടങ്ങൾ ആവർത്തിക്കരുത് എന്ന കർശന മുന്നറിയിപ്പ് രാജ്യത്തെ വിമാന കമ്പനികൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകി. സൈക്കോ ആക്ടീവ് സബ്സ്റ്റൻസ്' ഉപയോഗവുമായി ബന്ധപ്പെട്ട ഡിജിസിഎ ചട്ടങ്ങൾ പുനഃപരിശോധിക്കും