air-india-phuket-delhi-incident
  • ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടപ്പോൾ ക്യാപ്റ്റൻ സീറ്റിലുണ്ടായിരുന്നില്ലെന്നും ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ഫസ്റ്റ് ഓഫീസറാണ് വിമാനം നിയന്ത്രിച്ചതെന്നും റിപ്പോർട്ട്

ആകാശചുഴിയില്‍ പെട്ട ഫുക്കറ്റ്- ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. കോക്പിറ്റിൽ സ്റ്റാൾ മുന്നറിയിപ്പ് ലഭിച്ചപ്പോൾ ക്യാപ്റ്റൻ സീറ്റിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓട്ടോപൈലറ്റും വിച്ഛേദിക്കപ്പെട്ടു. സഹപൈലറ്റ് അഥവാ ഫസ്റ്റ് ഓഫിസർ സ്റ്റാൾ ഒഴിവാക്കാൻ വിമാനം വേഗത്തിൽ താഴേക്ക് തിരിക്കുകയായിരുന്നു. വിമാനം ഒരു ഘട്ടത്തിൽ മൈനസ്-1g പരിധിയും മറികടന്നു. പിന്നീട് ക്യാപ്റ്റൻ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പരമാവധി 300 അടി ഉയരം നഷ്ടപ്പെട്ടശേഷമാണ് വിമാനം സ്ഥിരത വീണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം നടക്കുമ്പോള്‍ എയർ കണ്ടീഷനിങ് സിസ്റ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ക്യാപ്റ്റൻ കോക്പിറ്റിൽ ഫസ്റ്റ് ഓഫീസറുടെ സീറ്റിന് പിന്നിൽ ചാരി നിൽക്കുകയായിരുന്നു എന്നാണ് എന്‍ഡിടിവി പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ഓട്ടോപൈലറ്റ് സംവിധാനം പ്രവർത്തനരഹിതമായതോടെ വിമാനം മുകളിലേക്ക് കുത്തനെ ഉയരുകയായിരുന്നു. പിന്നാലെ സ്റ്റാൾ ആകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചു. ഇതോടെ ഫസ്റ്റ് ഓഫീസർ വിമാനം വേഗത്തില്‍ താഴേക്ക് തിരിച്ചു. ഈ അപ്രതീക്ഷിത നീക്കം വിമാനത്തിനുള്ളിൽ ഭാരമില്ലാത്ത അവസ്ഥ സൃഷ്ടിച്ചു. ക്യാപ്റ്റനും കോക്പിറ്റിലെ മറ്റ് വസ്തുക്കളും വായുവിൽ ഉയര്‍ന്നു. കഠിനമായ പരിശ്രമത്തിന് ശേഷം വിമാനം നിയന്ത്രണത്തിലാക്കാൻ സാധിച്ചുവെങ്കിലും, വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റങ്ങളിൽ ഗുരുതരമായ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, പൈലറ്റ് ഇൻ കമാൻഡ് പലപ്പോഴും വിമാന ഡെക്കിന്റെ തറയിൽ ഇരുന്നു പുകവലിക്കാൻ ശ്രമിച്ചുവെന്നും പൂര്‍ണ്ണ ബോധമില്ലാത്ത അവസ്ഥയിലായിരുന്ന അദ്ദേഹത്തെ തിരികെ സീറ്റിലേക്ക് കൊണ്ടുവരാൻ ക്യാബിൻ ക്രൂവിന് സഹായിക്കേണ്ടിവന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന പേരുവെളിപ്പെടുത്താത്ത ആളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പോലും അദ്ദേഹത്തിന് ശരിയായി നടക്കാൻ കഴിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പൈലറ്റിന്റെ പെരുമാറ്റത്തെക്കുറിച്ച് സഹ-പൈലറ്റ് എയർലൈനിന്റെ ഗ്രൗണ്ട് കൺട്രോളിനെ അറിയിച്ചിരിക്കാം, അതിനാലാണ് കോക്ക്പിറ്റ് ക്രൂവിനെ ബ്രെത്ത് അനലൈസർ പരിശോധനയ്ക്ക് പകരം ലഹരിമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കുന്ന അസാധാരണമായ നടപടി സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനോടകം നടന്ന ക്യാപ്റ്റന്റെ ലഹരിമരുന്ന് പരിശോധനയും പോസിറ്റീവാണ്. ആദ്യ പരിശോധനയിൽ സൈക്കോആക്ടീവ് പദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സ്ഥിരീകരണ പരിശോധനയിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ, രാജ്യത്തെ വിമാന കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനം താഴ്ചയിലേക്ക് പതിച്ചത് പോലെയുള്ള അപകടം ആവർത്തിക്കരുത്. യാത്രക്കാരുടെ സുരക്ഷ പ്രധാനം. സുരക്ഷാ പ്രോട്ടോകോൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പൈലറ്റുമാരുടെ ലഹരി പരിശോധന വിപുലമാക്കാൻ വിമാന കമ്പനികൾക്ക് നിർദേശം നൽകുകയും ചെയ്യും.

‌ഓഗസ്റ്റ് നാലിനാണ് ഫുക്കറ്റ്- ഡൽഹി എയർ ഇന്ത്യ വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 20 യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ഹൈഡ്രോളിക് തകരാറാണ് വിമാനം താഴ്ചയിലേക്ക് പതിക്കാന്‍ കാരണമെന്നാണ് ഒരു നിഗമനം. അപകടത്തില്‍ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനത്തിന്റെ സാങ്കേതിക റിപ്പോർട്ടുകൾ, ഫ്ലൈറ്റ് ഡാറ്റ, മെഡിക്കൽ റിപ്പോര്‍ട്ടുകള്‍ എന്നിവ പരിശോധിച്ചുവരികയാണ്.

ENGLISH SUMMARY:

An Air India flight from Phuket to Delhi experienced severe turbulence and sudden altitude loss while the captain was reportedly out of his seat discussing air conditioning systems with the first officer. When the autopilot disengaged and a stall warning sounded, the first officer manually pushed the aircraft down, causing weightlessness in the cabin and throwing objects and the captain into the air. Subsequent investigations revealed that the captain tested positive for cannabis and psychoactive substances following an unusual drug screening. The incident injured 24 people onboard, prompting the Ministry of Civil Aviation to issue strict warnings and mandate enhanced pilot drug testing.