സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ പ്രണയത്തിനൊടുവിൽ, ലോകത്തിലെ തന്നെ ഏറ്റവും കനത്ത കാവലുള്ള അതിർത്തികളിലൊന്ന് ഭേദിച്ച് കാമുകിയെ കാണാനെത്തിയ 22-കാരന്‍ പിടിയിലായി. ജമ്മു കശ്മീരിലെ ഉറി സെക്ടറിലുള്ള യുവതിയെ കാണാനായിരുന്നു പാക് അധീന കശ്മീരില്‍ നിന്നുള്ള ഇയാളുടെ ശ്രമം. എന്നാൽ ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് പ്രവേശിച്ച് നിമിഷങ്ങൾക്കകം തന്നെ സൈന്യം ഇയാളെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് ഉറിയിലെ സിലിക്കോട്ട് മേഖലയിൽ നിയന്ത്രണരേഖയ്ക്ക് (LoC) അപ്പുറത്തുനിന്ന് ഒരാൾ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി വരുന്നത് സൈന്യത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. അതിർത്തി കടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ താൻ പാക് അധീന കശ്മീരിലെ മുസാഫറാബാദ്, പൈൻകാഡി സ്വദേശിയായ സീഷാൻ അഹമ്മദ് മിർ (22) ആണെന്ന് ഇയാൾ വ്യക്തമാക്കി. ഇയാളുടെ പക്കലുണ്ടായിരുന്ന പാകിസ്താൻ തിരിച്ചറിയൽ കാർഡിൽ നിന്നും വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഉറി സ്വദേശിനിയായ ഇറാം ബാനോ എന്ന കാമുകിയെ കാണാനാണ് താൻ നിയന്ത്രണരേഖ കടന്നതെന്ന് സീഷാൻ സുരക്ഷാ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഓൺലൈനിലൂടെ പരിചയപ്പെട്ട ഇരുവരും നിരന്തരം സമ്പർക്കത്തിലായിരുന്നുവെന്നും, ഇതാണ് കനത്ത നിരീക്ഷണമുള്ള അതിർത്തി കടക്കാൻ ഇയാളെ പ്രേരിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.
സീഷാനെയും അദ്ദേഹം കാണാനെത്തിയെന്ന് പറയപ്പെടുന്ന യുവതിയെയും നിലവിൽ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ അവകാശവാദങ്ങളുടെ സത്യാവസ്ഥയും, ഇവർ തമ്മിലുള്ള സന്ദേശങ്ങളുടെ സ്വഭാവവും അധികൃതർ പരിശോധിച്ച് വരികയാണ്. യുവതിയുടെ പശ്ചാത്തലം വ്യക്തമാക്കാനും ഇരുവരും തമ്മിലുള്ള ഡിജിറ്റൽ ആശയവിനിമയങ്ങൾ പരിശോധിക്കാനുമുള്ള ശ്രമത്തിലാണ് സുരക്ഷാ ഏജൻസികൾ.